തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം പദ്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും തനിമ ചോരാതെ പുനര്‍നിര്‍മ്മിക്കാന്‍ സംയുക്ത പരിശോധനയില്‍ തീരുമാനിച്ചു. ക്ഷേത്ര ഭരണസമിതി, കണ്‍സര്‍വേഷന്‍ കമ്മിറ്റി, പുരാവസ്തു വകുപ്പ് എന്നിവയിലെ പ്രതിനിധികളടങ്ങിയ സംഘമാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണ മണ്ഡപവും നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കല്‍മണ്ഡപവും പുനര്‍നിര്‍മ്മിക്കാന്‍ ധാരണയായി. നവീകരണത്തിനായി പൊളിച്ച മണ്ഡപമാണ് ആദ്യം പുനര്‍നിര്‍മ്മിക്കുക. ഇത് 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബലക്ഷയം ഒഴിവാക്കി പുനഃസംവിധാനം ചെയ്യാനാണ് ഈ മണ്ഡപം പൊളിച്ചത്. ഇതിന്റെ രണ്ടുവരി അടിസ്ഥാനശിലകള്‍ ഇളക്കി പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നുവീണ കല്‍മണ്ഡപം പുന:സ്ഥാപിക്കും. ഈ മണ്ഡപം പൂര്‍ണമായി അടിസ്ഥാനം ഉള്‍പ്പെടെ പുനര്‍നിര്‍മ്മിക്കണമെന്ന് പരിശോധനാസംഘം വിലയിരുത്തി.
പടിഞ്ഞാറേവശത്തുള്ള തന്ത്രിമഠത്തിന്റെ അടിസ്ഥാനശിലകള്‍ക്കും ബലക്ഷയം കണ്ടെത്തി. തന്ത്രിമഠം കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ അടിസ്ഥാനം ബലപ്പെടുത്താമെന്ന് പരിശോധിക്കാന്‍ പുരാവസ്തുവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പത്മതീര്‍ഥക്കുളം മലിനമാക്കുന്ന ശൗചാലയം നിര്‍ത്തലാക്കും. ഇതിനുപകരമായി നവരാത്രി ട്രസ്റ്റ് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കും. കല്‍മണ്ഡപങ്ങളുടെയും പടവുകളുടെയും അടിസ്ഥാന ശിലകളുടെയും പടിഞ്ഞാറേ വശത്തുള്ള മതിലിന്റെയും ബലവും പരിശോധിച്ചു. വിശദമായ സംരക്ഷണ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കി. രണ്ടുദിവസത്തിനകം പ്ലാന്‍ തയാറാക്കി ജില്ലാ കളക്ടര്‍ക്ക് കൈമാറും.
Post Your Comments