ലഖ്നോ: കഴുത്തില്‍ കത്തി വച്ചാലും ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസാദുദ്ദീന്‍ ഒവൈസിയുടെ നാവറുക്കുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് വിദ്യാര്‍ത്ഥി നേതാവ്. മീററ്റ് കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ദുഷ്യന്ത് തോമറാണ് ഈ പ്രഖ്യാപനം നടത്തിയത്. മീററ്റ് നഗരത്തില്‍ ഒവൈസിയുടെ കോലം കത്തിച്ച ശേഷമായിരുന്നു തോമറിന്റെ പ്രഖ്യാപനം.
ഒവൈസിയുടെ പ്രസ്താവന രാജ്യവിരുദ്ധമെന്നത് മാത്രല്ല അയാളൊരു രാജ്യസ്‌നേഹിയല്ലെന്ന് കൂടിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും തോമര്‍ പറഞ്ഞു.
2014-15 കാലഘട്ടത്തില്‍ മീററ്റ് കോളേജ് യൂണിയന്‍ അധ്യക്ഷനായിരുന്ന ദുഷ്യന്ത് തോമര്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു.
രാജ്യവിരുദ്ധ പ്രസ്താവനയിറക്കിയ അസാദുദ്ദീന്‍ ഒവൈസിയുടെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ ലഖ്നോ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ലാത്തൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്താണ് ഒവൈസി വിവാദ പരാമര്‍ശം നടത്തിയത്. ആര് ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം താന്‍ വിളിക്കില്ലെന്നാണ് ഒവൈസി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments