ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് തുണയായത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍. വാട്സ്ആപ്പിന് സമാനമായ സ്മാഷ് ആപ്പ് എന്ന ആപ്ളിക്കേഷനാണ് പത്താന്‍കോട്ടില്‍ വില്ലനായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്ളിക്കേഷന്‍ നീക്കം ചെയ്തിരുന്നു.
ഇന്ത്യന്‍ സൈന്യത്തിലും അര്‍ദ്ധസൈനിക വിഭാഗങ്ങളിലും ചാരവൃത്തി നടത്താന്‍ പാകിസ്ഥാന്‍ ചാരസംഘടനകള്‍ ഈ ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗൂഗിളിന്റെ നടപടിയെന്ന് സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തിന്റേയും, ഇന്റലിജന്‍സ് ഏജന്‍സികളുടേയും പലനിര്‍ണായക വിവരങ്ങളും ശത്രുക്കള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികരുടെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ പടര്‍ത്താനും ഈ ആപ്ളിക്കേഷന്‍ ഉപയോഗിച്ചിരുന്നു.
പത്താന്‍കോട്ടില്‍ സംഭവിച്ചത് ഇതാണ്, ആദ്യം തീവ്രവാദികള്‍ ചില പട്ടാളക്കാരുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചു. അതും പെണ്‍പേരുകളില്‍ ഉള്ള അക്കൗണ്ടുകളില്‍ നിന്നായിരുന്നു ‘ഹണിട്രാപ്പ്’. ഇതില്‍ നിന്നും തങ്ങള്‍ കെണിയില്‍ പെടുത്തിയ വ്യക്തിയോട് സ്മാഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഫോണുകള്‍ മാല്‍വെയര്‍ ഉപയോഗിച്ച് ഏത് കേന്ദ്രത്തില്‍ ഇരുന്നും നിരീക്ഷിക്കാവുന്ന രീതിയില്‍ മാറി. ഇതോടെ സൈനികരുടെ സ്ഥലവും മറ്റ് കാര്യങ്ങളും തീവ്രവാദികള്‍ മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ സൈന്യം, ബിഎസ്എഫ്, മറ്റു അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ മുതലായവയിലും ചാരകെണി ശത്രുക്കള്‍ ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments