മഴയെപ്പറ്റി തികഞ്ഞ അപവാദപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍. മഴക്കെടുതിയുടെയും വാഹനാപകടങ്ങളുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ശിക്ഷാര്‍ഹം ആണെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വിവര സാങ്കേതിക നിയമം അനുസരിച്ചും പീനല്‍ കോഡ് അനുസരിച്ചും ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണ്.
ഇത്തരം ചിത്രങ്ങളും കുപ്രചരണങ്ങളും ജനങ്ങളെ പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലും എത്തിക്കുമെന്നും കൂടാതെ രാജ്യത്തിന്‍റെ പ്രശസ്തിയേയും ഇത് ബാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെയുണ്ടായ മഴയില്‍ ചിലര്‍ നിരുത്തരവാദപരമായാണ് സോഷ്യല്‍ മീഡിയയില്‍ പെരുമാറിയത്. നിരവധി പേര്‍ മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളുടേയും മഴക്കെടുതിയുടേയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. ചിലര്‍ കെട്ടിടങ്ങള്‍ നിലം പൊത്തിയെന്നും ആളുകള്‍ മുങ്ങിമരിച്ചുവെന്നുമുള്ള അപവാദങ്ങള്‍ പ്രചരിപ്പിച്ചു. ഇത് കൂടാതെ ദേശീയ ദുരിതാശ്വാസ വകുപ്പും പ്രതിരോധ വിഭാഗവും സം യുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ അവഗണിച്ചു. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു മാസം മുതല്‍ 3 വര്‍ഷം വരെയാണ് തടവ് ശിക്ഷ. മറ്റൊരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്‌സ് മാധ്യമം ഉപയോഗിക്കുന്നയാള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും രണ്ടര ലക്ഷം ദിര്‍ഹം പിഴയുമാണ് ലഭിക്കുക.
Post Your Comments