കൊച്ചി: ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് മാഫിയയുമായി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്കു രക്ഷപ്പെട്ട സ്വര്‍ണപ്പണിക്കാരനായ മലയാളി യുവാവിനെ മൈസൂരില്‍ കഞ്ചാവ് കേസില്‍ കുരുക്കി ജയിലിലടച്ച് മാഫിയ പകവീട്ടി. എറണാകുളം മാലിപ്പുറം സ്വദേശി ജോസി റിബെല്ലോയാണ് കര്‍ണാടക ജയിലിലായത്. മൈസൂരിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് മാലിപ്പുറത്തെ വസതിയിലെത്തി ജോസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുബായ് കേന്ദ്രീകരിച്ച് കോഴിക്കോട് സ്വദേശികള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിനു കീഴില്‍ സ്വര്‍ണപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു ജോസി. വലിയ ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച ഭാഗങ്ങള്‍ ഘടിപ്പിച്ചു കടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഉപകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ജോലി ഉപേക്ഷിച്ച് മടങ്ങിയതാണ് മാഫിയയെ ചൊടിപ്പിച്ചത്. നിനക്കുള്ള പണി മൈസൂരില്‍ വച്ചിട്ടുണ്ടെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ജോസി പോലീസിനെ അറിയിച്ചു.
കഞ്ചാവുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മാരുതി സെന്‍ കാര്‍ ജോസിയുടെ പേരില്‍ വാങ്ങിയതായാണ് രേഖകള്‍. കാറില്‍ നിന്നു ജോസിയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ജോസിയുടെ പേരിലെടുത്ത സിം കാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണും ഫോട്ടോയുള്ള സിംകാര്‍ഡ് അപേക്ഷാ ഫോമും പോലീസ് കണ്ടെടുത്തു.
മൈസൂരിനു സമീപം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കിടക്കുന്നതായി പലവട്ടം മൈസൂര്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വന്നതോടെയാണ് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും രേഖകളും കിട്ടിയതോടെ കര്‍ണാടക പോലീസ് ജോസിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. ജോസിയുടെ പേരില്‍ കാര്‍ വാങ്ങിയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ ഫോണും കാറിനുള്ളില്‍ വച്ചും ആസൂത്രിതമായാണ് കള്ളക്കടത്ത് മാഫിയ പകവീട്ടിയത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന വലിയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് കോടികളുടെ സ്വര്‍ണക്കടത്ത്. ഉപകരണത്തിന്റെ ഏതെങ്കിലും ഭാഗം സ്വര്‍ണം കൊണ്ടു നിര്‍മിക്കും. ഉപകരണത്തിന്റെ യഥാര്‍ഥ ഭാഗത്തിനു പകരം സ്വര്‍ണം കൊണ്ടുള്ളതു നിര്‍മിക്കാനാണ് ജോസിയെ ഉപയോഗിച്ചിരുന്നത്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഭാഗം ഘടിപ്പിച്ച ഉപകരണം ഇറക്കുമതി ചെയ്യും. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ കള്ളക്കടത്ത് മുഖ്യമായും നടക്കുന്നത്. ഉപകരണം കസ്റ്റംസ് പരിശോധനയ്ക്കു ശേഷം സുരക്ഷിതമായി പുറത്തെത്തുകയാണ് പതിവ്. ഒറ്റയടിക്ക് 50 കിലോ സ്വര്‍ണം വരെ ഇങ്ങനെ കടത്തുന്നുണ്ട്.
സ്വര്‍ണപ്പണിയിലുള്ള മികവു കണ്ടാണ് കോഴിക്കോട്ടുകാരായ കള്ളക്കടത്ത് മാഫിയ ജോസിയെ ദുബായിലേക്കു കൊണ്ടുപോയത്. അപകടം മനസിലാക്കിയ ജോസി രണ്ടു മാസത്തിനു ശേഷം നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്ട് സ്വദേശികളായ മൂന്നംഗസംഘമാണ് ഈ റാക്കറ്റിനെ നിയന്ത്രിക്കുന്നത്. ഉടമസ്ഥന്റെ രേഖകളും ഫോണും സഹിതം ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിനു പിന്നില്‍ ചതി ഉള്ളതായി കര്‍ണാടക പോലീസും സംശയിക്കുന്നുണ്ട്.
Post Your Comments