ന്യൂഡല്‍ഹി: ബ്രിട്ടനില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് വിജയ് മല്യ. തന്നെ തിരഞ്ഞു നടക്കുന്ന അവര്‍ നോക്കേണ്ട സ്ഥലത്ത് നോക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. തന്നോട് സംസാരിക്കാനായി സമയം കളയേണ്ടെന്നും വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു.ഇന്നു രാവിലെ ട്വീറ്റിലൂടെയായിരുന്നു മല്യയുടെ പ്രസ്താവന.
മല്യ ബ്രിട്ടനില്‍ ആഢംബരമായ ജീവിതം നയിക്കുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെവിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്കു പറന്ന മല്യയെക്കുറിച്ച് ദുരൂഹതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ബിസിനസുകാരനായ തനിക്ക് പലപ്പോഴും ഇന്ത്യക്കു പുറത്തേയ്ക്ക് സഞ്ചരിക്കേണ്ടി വരുമെന്നും താന്‍ ഒളിച്ചോടിയതല്ലെന്നും ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്നും മല്യ പറഞ്ഞിരുന്നു.
എസ്.ബി.ഐഅടക്കം പതിനേഴോളം ബാങ്കുകളുടെ പരാതിയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് രാജ്യസഭാ എം.പിയും വ്യവസായിയുമായ വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മല്യക്ക് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments