NewsGulf

ഒമാന്‍ മഴക്കെടുതി; മരണം എട്ടായി

മസ്‌കറ്റ്: കനത്ത മഴ തുടരുന്ന ഒമാനില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ എട്ടായതായി ഒമാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. മഴവെള്ളപ്പാച്ചിലില്‍ നിരവധി പേര്‍ അകപ്പെട്ടു. രാജ്യത്ത് തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

അല്‍ഖബോരിയില്‍ വാദി കരകവിഞ്ഞതിനെത്തുടര്‍ന്ന് കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. ബാനിഖാലിദ് വാദിയില്‍ വീടിന്റെ മതിലിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയും മരിച്ചു. മരണസംഖ്യ ഇതോടെ എട്ടായതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍ ട്വീറ്റ് ചെയ്തു.

ബഹ്‌ലാ വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കാലത്ത് പത്ത് മണി മുതല്‍ ഇവിടെ 77.8 മില്ലി മീറ്റര്‍ മഴയാണ് പെയ്തതെന്ന് ഇവിടത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തി.

മുദൈബി, റുസ്താഖ്, ബുറൈമി, നിസ്വ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കഴിഞ്ഞ നാലു ദിവസത്തിനിടെ രാജ്യത്ത് 78.1 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ നിറഞ്ഞ വാദികള്‍ക്ക് സമീപത്തേക്ക് പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പി.സി.ഡി.എ അഭ്യര്‍ത്ഥിച്ചു. മുന്നറിയിപ്പ് വകവെയ്ക്കാതെ വാദികള്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സും ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അവധി ദിനമായ ഇന്ന് മലയാളികള്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങാതെ ഫ്‌ളാറ്റുകളില്‍ കഴിയുകയാണ്. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

shortlink

Post Your Comments


Back to top button