ന്യൂഡല്‍ഹി : ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള സാഹചര്യം വ്യക്തമാക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും പ്രചാരണം നടത്തില്ലെന്ന് കനയ്യ കുമാര്‍ വ്യക്തമാക്കി.
മുഖ്യധാരാ രാഷ്ട്രീയം തന്റെ ലക്ഷ്യമല്ലെന്നു നേരത്തെ വ്യക്തമാക്കിയതാണ്. താന്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയാണ്. പഠനശേഷം അദ്ധ്യാപകനായി ജോലി ചെയ്യാനാണ് ആഗ്രഹമെന്നും കനയ്യ പറഞ്ഞു. ജെ.എന്‍.യുവിലെ രണ്ടു സഹപാഠികള്‍ ഇപ്പോഴും ജയിലിലാണ്. രോഹിത് വെമുല വിഷയത്തില്‍ നീതി ലഭിച്ചിട്ടില്ല. അലഹബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിനോട് കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നടപടി സ്വീകരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. ഇതിനിടെ പ്രചാരണത്തിനായി യാത്ര ചെയ്യാന്‍ സമയം ലഭിക്കില്ല.
സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ട് താന്‍ രാഷ്ട്രീയം കളിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പരാതിപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക മാത്രമാണു താന്‍ ചെയ്യുന്നത്. സര്‍വ്വകലാശാലകള്‍ക്കെതിരെ രാഷ്ട്രീയം കളിക്കുന്നതു കേന്ദ്രസര്‍ക്കാരാണെന്നു വെങ്കയ്യ നായിഡു മനസിലാക്കണമെന്നും കനയ്യ പറഞ്ഞു.
Post Your Comments