IndiaNews

ഇസ്രത്ത് ജഹാന്‍ കേസ്; സത്യവാങ്മൂലം തിരുത്തിയതില്‍ അന്വേഷണം

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര വകുപ്പ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തകയാണെന്ന സത്യവാങ്മൂലം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ഇടപെട്ട് തിരുത്തി എന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ ആരോപണത്തിലാണ് നടപടി.

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തക ആയിരുന്നു എന്ന ആദ്യ സത്യവാങ്മൂലം തിരുത്തി നല്‍കിയത് നരേന്ദ്ര മോഡിയെയും അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിശികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി എം.പിമാര്‍ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്. ഈ വിഷയത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്നാല്‍ നേരത്തേ നോട്ടീസ് നല്‍കിയവര്‍ക്ക് മാത്രമേ സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളുവെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി.

ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തക ആണെന്ന സത്യവാങ് മൂലം തിരുത്തി നല്‍കിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം ആയിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള ആരോപിച്ചിരുന്നു. ഇസ്രത്ത് ജഹാന് തീവ്രവാദ ബന്ധമില്ലെന്നായിരുന്നു രണ്ടാമത് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതിന് തടയിടുന്നതിന് കോണ്‍ഗ്രസ് സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംസ്ഥാന പൊലിസിന്റെയും ഐ.ബിയുടെയും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ആദ്യ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ഇവ തെറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button