കോട്ടയം: എം.ജി സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ പീഡനശ്രമത്തിന് പരാതി. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് മുസ്തഫക്കെതിരെയാണ് ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. മുഹമ്മദ് മുസ്തഫ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മുസ്ലീംലീഗിന്റെ അധ്യാപക സംഘടനയുടെ നേതാവ് കൂടിയാണ് മുഹമ്മദ് മുസ്തഫ.
വിദ്യാര്‍ത്ഥികളുടെ പരാതി സര്‍വകലാശാല രജിസ്ട്രാര്‍ കോട്ടയം എസ്.പിക്ക് കൈമാറി. അന്വേഷണം ആരംഭിച്ചെന്ന് ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു അവധി ദിവസം മുഹമ്മദ് മുസ്തഫ ഒരു പെണ്‍കുട്ടിയെ വിളിച്ചു വരുത്തി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. എന്നാല്‍ അന്ന് സംഭവം വലിയ കാര്യമായി എടുക്കാതെ വിദ്യാര്‍ത്ഥിനി ഒഴിവാക്കി വിട്ടു. എന്നാല്‍, ഈ അടുത്ത് മറ്റൊരു വിദ്യാര്‍ത്ഥിനിയോടും സമാനമായ രീതിയില്‍ സംസാരിച്ചതോടെയാണ് പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.
Post Your Comments