തികംഗര്‍: മധ്യപ്രദേശിലെ തികംഗറിലെ ജമുനിയ നദിക്കാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ തോക്കുമായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയത്. കടുത്ത വരള്‍ച്ച ബാധിത പ്രദേശമായ ബുണ്ടല്‍ഗണ്ട് മേഖലയ്ക്കടുത്താണ് ഈ മധ്യപ്രദേശ് നഗരം. ബാരിഗഡ് ഡാമിലെ കുടിവെള്ളം ഉത്തര്‍പ്രദേശിലെ ദുരിത മേഖലയിലെ ജനങ്ങള്‍ അപഹരിക്കാതിരിക്കാനാണ് ക്രൂരമായ മുന്‍കരുതല്‍ മുന്‍സിപ്പാലിറ്റി സ്വീകരിച്ചത്.
ഉത്തര്‍പ്രദേശിലെ വരള്‍ച്ച കൊണ്ട് ദുരിതത്തിലായ കര്‍ഷകര്‍ രാത്രിയില്‍ ഡാമില്‍ നിന്ന് വെള്ളം എടുക്കാന്‍ വരുന്നത് അവസാനിപ്പിക്കാനാണ് തോക്കുമായി കാവല്‍ക്കാരെ നഗരസഭ വിന്യസിച്ചത്. വരള്‍ച്ച പ്രദേശത്തെ കുടിവെള്ളത്തിനുള്ള ഏക ആശ്രയം
ജമുനിയ നദിയാണെന്നിരിക്കെയാണ് ഇത്രയും കടുത്ത നടപടിയിലേക്ക് നീങ്ങിയ മദ്ധ്യപ്രദേശ് നഗരസഭ നടപടി മനുഷ്യത്യത്തിന് എതിരാകുന്നത്.
തോക്കുമായി കാവല്‍ നില്‍ക്കുന്ന ബഹദൂര്‍ സിംഗ് യാദവ് എന്നയാളുടെ വാക്കുകള്‍ ഇങ്ങനെ ‘കര്‍ഷകര്‍ രാത്രിയില്‍ വെള്ളം മോഷ്ടിക്കാന്‍ വരാറുണ്ട്, ഇടയ്ക്ക് ഞങ്ങള്‍ക്കെതിരെ പോരടിക്കും. പക്ഷേ ഞങ്ങളെ തോല്‍പ്പിക്കാന്‍ കഴിയാറില്ല. തോക്കുകള്‍ അവര്‍ക്ക് പേടിയാണ്’
ബുണ്ടല്‍ഖണ്ട് മേഖലയില്‍ 13 ഉത്തര്‍പ്രദേശ് ജില്ലകളും ആറ് മധ്യപ്രദേശ് ജില്ലകളുമാണ് ഉള്‍പ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഉത്ഭവിക്കുന്ന ജമുനിയ നദി മധ്യപ്രദേശിനെ കൈന്‍ നദിയുമായി കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇരു സംസ്ഥാനങ്ങളേയും തമ്മില്‍ വേര്‍തിരിക്കുന്നത് ഈ നദികളാണ്. കടുത്ത വരള്‍ച്ച കുടിവെള്ളത്തിനായി യുദ്ധം ചെയ്യുന്ന ഘട്ടത്തിലേക്ക് ഈ ഗ്രാമവാസികളെ തള്ളിവിടുകയാണ്.
കരാര്‍ അനുസരിച്ച് മധ്യപ്രദേശ് ഉത്തര്‍പ്രദേശിലെ ജമുനിയ ഡാമില്‍ 2.5 കോടി ലിറ്റര്‍ വെള്ളമാണ് സംഭരിച്ച് വെച്ചിരിക്കുന്നത്. 5 ഡാമുകളിലായാണ് വെള്ളം സംഭരിച്ചിരിക്കുക. പക്ഷേ വരള്‍ച്ചയെ തുടര്‍ന്ന് മറ്റ് ഡാമുകള്‍ ഇപ്പോള്‍ വരണ്ടു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ വെള്ളം മോഷ്ടിച്ചു കൊണ്ടു പോയതിനാലാണ് ഇത്ര പെട്ടെന്ന് ഡാമുകള്‍ വരണ്ടതെന്നാണ് മധ്യപ്രദേശിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വെള്ളക്കള്ളന്‍മാരായി മധ്യപ്രദേശ് ഉദ്യോഗസ്ഥര്‍ തങ്ങളെ ചിത്രീകരിക്കുകയാണെന്നാണ് ബുണ്ടല്‍ഖണ്ടിലെ കര്‍ഷകര്‍ വേദനയോടെ പറയുന്നത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കടുത്ത വരള്‍ച്ചയിലേക്കാണ് ഭൂമിയെ കൊണ്ടുപോകുന്നത്. വെള്ളത്തിന് വേണ്ടിയുള്ള ജലയുദ്ധങ്ങള്‍ക്ക് അധിക കാലതാമസം ഉണ്ടാവില്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു.
Post Your Comments