ലക്നൌ: തങ്ങളുടെ ശമ്പളം തടഞ്ഞു വയ്ക്കാനുള്ള സഹാറാ കമ്പനി അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനായി നൂറു കണക്കിന് സഹാറാ ജീവനക്കാര്‍ അടിവസ്ത്രം മാത്രം ധരിച്ച രീതിയില്‍ പിച്ചപ്പാത്രവും കയ്യിലേന്തി മുംബൈയില്‍ മാര്‍ച്ച് 7-ന് പ്രകടനം നടത്തും. ഈ വെള്ളിയാഴ്ച സഹാറയുടെ ഉടമസ്ഥന്‍ സുബ്രതാ റോയ് തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുകയാണ്. നിക്ഷേപകരെ വെട്ടിച്ച 24,000-കോടി തിരികെ നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് റോയ് ജയിലിലടയ്ക്കപ്പെട്ടത്.
കമ്പനിയുടെ 38-വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട ജീവനക്കാരുടെ സംഘടനയായ സഹാറാ-ഇന്ത്യ കാംഗാര്‍ സംഘട്ടന്‍റെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
രാജിവച്ച് പോവുകയാണെങ്കില്‍ ശമ്പള കുടിശ്ശിക തന്നുതീര്‍ക്കാം എന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് ജോലി രാജിവച്ച് പോയ പല ജീവനക്കാര്‍ക്കും ഇപ്പോഴും കമ്പനിയില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് സംഘട്ടന്‍റെ തലവനായ വിശാല്‍ മോറെ പറഞ്ഞു.
സുപ്രീംകോടതി, സെബി എന്നിവരുടെ വിലക്ക് നേരിടുന്നതിനാലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാത്തതെന്ന നിലപാടിലാണ് സഹാറാ കമ്പനിയുടെ അധികൃതര്‍. വിലക്കുള്ളതിനാല്‍ ശമ്പളത്തിനുള്ള ഫണ്ടിനായി കമ്പനിയുടെ വസ്തുവകകള്‍ വില്‍ക്കാനോ, പണയം വയ്ക്കാനോ സാധിക്കുന്നില്ല എന്ന്‍ സഹാറാ അധികൃതര്‍ വിശദീകരിച്ചു. എങ്കില്‍പ്പോലും ഒരു കുടുംബത്തിന് കഴിഞ്ഞുകൂടാനുള്ള തുക ഓരോ ജീവനക്കാരനും നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
Post Your Comments