Gulf

ജീവനക്കാരുടെ പേരിൽ ലക്ഷങ്ങളുടെ വായ്പയെടുത്ത് ഉടമകൾ മുങ്ങി; ദുബായില്‍ ഭക്ഷണവും താമസവും ഇല്ലാതെ വഴിയാധാരമായി 9 മലയാളികള്‍

ദുബായ് :വ്യാജകമ്പനി ആരംഭിച്ച് മലയാളി ജീവനക്കാരുടെ പേരിൽ ബാങ്കുകളിൽ നിന്നും ലക്ഷങ്ങളുടെ വായ്പയെടുത്ത് ഉടമകൾ മുങ്ങി. ദുബായ് ദേര കേന്ദ്രമാക്കി ആരംഭിച്ച കമ്പനിയിലേയ്ക്ക് ജോലിക്കെത്തിയ പത്തോളം മലയാളികളാണ് ഭക്ഷണവും താമസസൗകര്യവുമില്ലാതെ ഇപ്പോൾ മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്.തട്ടിപ്പ് നടത്തിയതും തട്ടിപ്പിനിരയായതും മലയാളികള്‍.2014 ലാണ് ഇവർ യുഎഇലെത്തിയത്. 20,000 രൂപ വീതം വാങ്ങി തൃശൂർ സ്വദേശിയാണ് ഇവർക്ക് വിസയും വിമാനടിക്കറ്റും നൽകിയത്. പ്രതിമാസം 3,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഭക്ഷണവും നൽകുമെന്ന് ഇവരോട് ഏജന്റ് പറഞ്ഞിരുന്നു. താമസ സൗകര്യവും ഭക്ഷണവും നൽകിയെങ്കിലും മാസശമ്പളം നൽകിയിരുന്നില്ല.
വീസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഇവരിൽ നിന്ന് കുറേ ഫോമുകളിലും കടലാസുകളിലും ഒപ്പിട്ടുവാങ്ങി. ബ്ലാങ്ക് ചെക്കുകളിലും ഒപ്പിടുവിച്ചു. എസ്എസ്എൽസി വിദ്യാഭ്യാസമുള്ള ഇവരാരും ഇതെന്തിനാണെന്ന് ചോദിച്ചില്ല. വീസ അടിക്കാൻ വാങ്ങിയ ഇവരുടെ പാസ്പോർട്ടും ഉടമകൾ തിരിച്ചുനൽകിയില്ല. തങ്ങളെ നാട്ടിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിസ്വരത്തിലായിരുന്നു ഉടമകൾ സംസാരിച്ചതെന്ന് ഇവര്‍ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി ജോലിയൊന്നുമില്ലാതെ ചെറിയൊരു മുറിയിൽ കഴിഞ്ഞുകൂടുന്ന ഇവർ പലപ്പോഴും പട്ടിണിയിലാണ്. അടുത്തിടെ വാടക നൽകാത്തതിനാൽ അധികൃതർ മുറിയിൽ നിന്ന് പുറത്താക്കി. ശക്തമായ തണുപ്പിൽ പലർക്കും അസുഖം ബാധിച്ചു . പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ പുറത്തിറങ്ങാനും ഇവർ ഭയക്കുന്നു. എമിറേറ്റ്സ് ഐഡിക്ക് പകരം അതിന്റെ കോപ്പിയാണ് ഇവർക്ക് നൽകിയിട്ടുള്ളത്.അടുത്തിടെ നാട്ടിലേക്ക് യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ കമ്പനിയുടമകൾ വൻ സംഖ്യ വായ്പയെടുത്തിട്ടുള്ള കാര്യം ഇവർ അറിയുന്നത്.

ഇവരുടെ രേഖകൾ ഉപയോഗിച്ച് ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളും ഉടമകൾ സ്വന്തമാക്കിയിട്ടുണ്ട്. പല കമ്പനികളിൽ നിന്ന് ഭീമമായ തുകയ്ക്ക് സാധനങ്ങൾ വാങ്ങി ഇവരുടെ ചെക്കുകളാണ് നൽകിയിട്ടുള്ളത്. വിദ്യാഭ്യാസവും ലോക വിവരവുമില്ലാത്ത പാവങ്ങളെയാണ് തട്ടിപ്പു സംഘം ഇരകളാക്കുന്നത്. നാട്ടിൽ പ്രതിമാസം മുപ്പതിനായിരത്തോളം രൂപ സമ്പാദിക്കുന്നവരായിരുന്നു ഇവർ. നാട്ടിൽ വൃദ്ധരും രോഗികളുമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത കുടുംബവുമുള്ള ഇവർ കടുത്ത മാനസിക സംഘർഷവും അനുഭവിക്കുന്നു. സുരേഷ്‌, ബിനോയ്‌, ഉദയൻ, ദേവദാസ്‌, പ്രഭാകരൻ, സനീഷ്‌, രാജേഷ്‌, സത്യൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് തട്ടിപ്പിന് ഇരയായത്.പട്ടാമ്പി, ഷൊർണ്ണൂർ, ത്രിശ്ശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലവാസികലാണ് ഇവര്‍.22മാസമായ് നാട്ടിൽ നിന്ന്‌ വന്നിട്ട്‌. 12മാസത്തിന്ന് മുകളിലായ്‌ ശമ്പളം കിട്ടിയിട്ട്‌. സഹായം ലഭിക്കാവുന്നവരിൽ നിന്നൊക്കെ സഹായം കൈപറ്റി.ഇനി സഹായം ചോദിക്കാന്‍ ആരും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.ഇവരുടെ പാസ്പോർട്ട്‌ ഇവിടെയെത്തിയ അന്ന് മുതൽ അവരുടെ കൈവശവുമാണ്.

സുമനസ്സുകളുടെ സഹായത്താല്‍ ആയിരുന്നു ഇതുവരെ കഴിഞ്ഞത്. പക്ഷെ ഇപ്പോള്‍ താമസിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതെ വന്നിരിക്കുകയുമാണെന്നാണ് സംഭവം വെളിച്ചത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക പറയുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button