International

പസഫിക് ദ്വീപില്‍ നിന്ന് പുതിയൊരതിഥി

പസഫിക് സമുദ്രത്തില്‍ പപ്പുവ ന്യൂ ഗിനിയുടെ ഭാഗമായ മുസാവു ദ്വീപില്‍ പത്തുലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഭീമന്‍ പല്ലിവര്‍ഗ്ഗത്തെ കണ്ടെത്തി. ഫിന്‍ലന്‍ഡില്‍ തുര്‍ക്കു സര്‍വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി വാള്‍ട്ടര്‍ വെയ്ജോളയാണ്, മുസാവു ദ്വീപില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന ഈ പല്ലിവര്‍ഗത്തെ കണ്ടെത്തിയത്. ‘വരാനസ് സെമോട്ടസ്’ എന്ന് പേരിട്ട ഇതിന്റെ വിവരങ്ങള്‍ പുതിയലക്കം ‘സൂകീസ് ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

new reptile species 1

മൂന്നടി നീളത്തില്‍ വളരുന്ന ഈ ജീവിക്ക്, മഞ്ഞയും ഓറഞ്ചും നിറത്തില്‍ പുള്ളികളുള്ള കറുത്ത ശരീരമാണുള്ളത്, ഇളം മഞ്ഞ നിറത്തിലുള്ള നാക്കുമുണ്ട്. ബയോജ്യോഗ്രഫിക്കല്‍ വീക്ഷണത്തില്‍ ഈ ഭീമന്‍പല്ലികള്‍ ഒരു അപൂര്‍വ്വതയാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഏറ്റവുമടുത്ത ജനിതകബന്ധുവില്‍ നിന്ന് ഈ ജീവിവര്‍ഗ്ഗം വേര്‍പിരിഞ്ഞിട്ട് ഏതാണ്ട് പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ വരെയായെന്ന് ജനിതകപഠനം വ്യക്തമാക്കി.

മുസാവു ദ്വീപില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഈ ജീവിയുടെ അടുത്ത ബന്ധുക്കള്‍ കഴിയുന്നത്. എന്നാല്‍ ഇവ എങ്ങനെ മുസാവു ദ്വീപില്‍ പെട്ടുവെന്ന കാര്യം ഗവേഷകര്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല. ന്യൂ ഗിനി ദ്വീപില്‍ നിന്നോ, ന്യൂ ബ്രിട്ടന്‍ ദ്വീപില്‍ നിന്നോ ഗര്‍ഭിണിയായ ഒരു പല്ലി മുസാവു ദ്വീപിലെത്തിയിരിക്കാം, അതാകണം അവിടെ ഇപ്പോഴുള്ള ഭീമന്‍പല്ലികളുടെ പൂര്‍വ്വികമാതാവെന്ന് ഗവേഷകര്‍ കരുതുന്നു. ചുറ്റും കടലായതിനാല്‍ അതിവിടെ ഒറ്റപ്പെട്ടിരിക്കാം.

new reptile species 3

ഇതാണ് പസഫിക്കിലെ വിദൂരദ്വീപുകളെല്ലാം അപൂര്‍വ്വ ജൈവവൈവിധ്യ മേഖലകളാകാന്‍ കാരണമെന്ന് ഗവേഷകര്‍ പറയുന്നു. ഒന്നോ രണ്ടോ ദ്വീപുകളില്‍ മാത്രമാകാം ഒരു ജീവിവര്‍ഗത്തെ കാണാനാവുക. വെയ്‌ജോള പറഞ്ഞു. ഭീമന്‍ ഇഴജന്തുക്കളേയും സസ്തനികളേയും പതിവായി ഈ മേഖലയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിയുകയുന്നു.

വരാനസ് സെമോട്ടസ് പല്ലികളെ മുസാവു ദ്വീപിന്റെ തീരപ്രദേശത്തു നിന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ദ്വീപിലെ കാടുനിറഞ്ഞ ഉള്‍പ്രദേശത്തും ഇവ ജീവിക്കുന്നതായി, റിപ്പോര്‍ട്ട് പറയുന്നു. ഇഴജന്തുക്കള്‍, ഞണ്ടുകള്‍, ചെറുപക്ഷികള്‍, ആമ മുട്ടകള്‍ എന്നിവയൊക്കെ ഈ ഭീമന്‍ പല്ലികള്‍ ഭക്ഷണമാക്കുന്നു

(കടപ്പാട്: വാഷിങ്ടണ്‍ പോസ്റ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button