ദുബായ്: സൊമാലിയന്‍ പെണ്‍കുഞ്ഞിന് ദുബായ് പൊലീസിന്റെ കൈത്താങ്ങ്. കള്ള പാസ്‌പോര്‍ട്ടുമായി ബ്രിട്ടണിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്‌ക്കൊപ്പം പിടിയിലായ കുഞ്ഞിനു മേലായിരുന്നു പൊലീസ് കാരുണ്യം ചൊരിഞ്ഞത്. മനുഷിക വശങ്ങള്‍ പരിഗണിച്ചു സോമാലിയന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പെണ്‍കുഞ്ഞിന് തിരിച്ചറിയല്‍ രേഖയും മറ്റ് ഔദ്യോഗിക രേഖകളും നല്‍കി. സൊമാലിയയിലുള്ള കുട്ടിയുടെ അമ്മൂമ്മയുടെ അടുത്തേക്ക് എത്താന്‍ പെണ്‍കുഞ്ഞിന് ദുബായ് പൊലീസ് തന്നെ ടിക്കറ്റും എടുത്ത് നല്‍കി.
വ്യാജരേഖകളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം റഷീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച കുഞ്ഞിനെ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്റ് ചില്‍ഡ്രനിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിനെ അമ്മയില്‍നിന്ന് അകറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സ്വദേശത്തുള്ള കുഞ്ഞിന്റെ മുത്തശ്ശിയെ ബന്ധപ്പെടുന്നത്. കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ കയറ്റിവിടാന്‍ കുഞ്ഞിന് ഔദ്യോഗിക രേഖകളൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് സൊമാലിയന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പേപ്പറുകള്‍ ശരിയാക്കിയത്. ടിക്കറ്റെടുത്തു നല്‍കിയതും റഷീദിയ പൊലീസ് സ്റ്റേഷനായിരുന്നു. പിടിയിലായ യുവതിയുടെ കുഞ്ഞ് തന്നെ എന്നുറപ്പു വരുത്താന്‍ ഡിഎന്‍എ പരിശോധനയും പൊലീസ് നടത്തി.
പെണ്‍കുഞ്ഞിന്റെ അമ്മ ദുബായി വിമാനത്താവളത്തിലൂടെയാണ് യുഎഇയിലെത്തിയത്. ആണ്‍കുഞ്ഞെന്നായിരുന്നു പാസ്‌പോര്‍ട്ടില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു വ്യാജരേഖകളാണ് കയ്യിലുള്ളതെന്ന് തെളിഞ്ഞത്.
Post Your Comments