NewsIndia

അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ :വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണമാകുന്നു

മുസാഫര്‍പുര്‍: ബിഹാറില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയ ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ അണിഞ്ഞത് അടിവസ്ത്രം മാത്രം. ആര്‍മി ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികള്‍ അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷ എഴുതിയത്. എന്നാല്‍ ഇവര്‍ക്കു ഇരിക്കാന്‍ ബെഞ്ചുകളോ എഴുതാന്‍ മേശയോ നല്‍കിയതുമില്ല. മുസാഫര്‍പുരില്‍ ആര്‍മിയിലെ ക്‌ളാര്‍ക്ക് തസ്തികയുടെ പ്രവേശന പരീക്ഷ എഴുതാനെത്തിയ ഏകദേശം 1,100 പേര്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. വലിയൊരു മൈതാനത്തു ഇരുന്നാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയത്. അടിവസ്ത്രം മാത്രം ധരിച്ച ഇവരില്‍ ഭൂരിഭാഗവും തലകുനിച്ചിരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷയെക്കാള്‍ കടുപ്പമായിരുന്നു നിലത്തിരുന്നുള്ള എഴുത്തെന്നു ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സംഭവം വിവാദമായതോടെ പരീക്ഷ നടത്തിപ്പിനെ ന്യായീകരിച്ചു ആര്‍മി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കോപ്പിയടി തടയുക എന്ന ഉദേശത്തോടെയാണ് ഇത്തരത്തില്‍ പരീക്ഷ നടത്തിയതെന്നു അധികൃതര്‍ പറഞ്ഞു. കഴിഞ്ഞതവണത്തെ പരീക്ഷയ്ക്കിടെ നിരവധി വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചിരുന്നു. അതിനാലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ കോപ്പിയടി വ്യാപകമായതോടെ ബിഹാറില്‍ ഇക്കൊല്ലം മുതല്‍ കോപ്പിയടി തടയാന്‍ സ്‌കൂളുകളില്‍ വന്‍ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 70,000 ഒഫീഷ്യലുകളാണ് കോപ്പിയടി തടയാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ പരീക്ഷ ഹാളുകളില്‍ നിരീക്ഷ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ ബിഹാറിലെ 12ാം ക്‌ളാസ് പരീക്ഷയ്ക്കിടെ ദേഹപരിശോധന ഒഴിവാക്കാന്‍ അടിവസ്ത്രം മാത്രം അണിഞ്ഞു ഒരു വിദ്യാര്‍ഥി എത്തിയത് തിങ്കളാഴ്ച വാര്‍ത്തയായിരുന്നു.

shortlink

Post Your Comments


Back to top button