Kerala

നഴ്‌സിംഗ് കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ഗവണ്മെന്റ് നഴ്‌സിംഗ് കോളേജിലെ രണ്ട് ആണ്‍കുട്ടികളുള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബി.എസ്.സി. നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം. ഇതില്‍ 60 വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്തു. ബാക്കിയുള്ളവര്‍ നിരീക്ഷണത്തിലാണ്. ആരുടേയും അവസ്ഥ ഗുരുതരമല്ല. രണ്ട് അധ്യാപകര്‍ക്കും അസ്വസ്ഥത ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല അറിയിച്ചു.

ശനിയാഴ്ച കോളേജില്‍ വച്ചുനടന്ന ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ച് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം വിഷബാധയേറ്റതെന്ന് സംശയിക്കുന്നു. കാമ്പസിന് പുറത്തുനിന്നായിരുന്നു അന്ന് ഇവര്‍ക്കുള്ള ഭക്ഷണം കൊണ്ടു വന്നത്. ഈ കുട്ടികളില്‍ പലരും വീട്ടില്‍ പോയിരുന്നു. രാത്രിയില്‍ പല കുട്ടികള്‍ക്കും അസ്വസ്ഥതയുണ്ടായതായി പറയുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മുതലാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായ് എത്തിയത്. ഏത് ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് പരിശോധിച്ചു വരികയാണ്.

പനി, ഛര്‍ദ്ദില്‍, വയറിളക്കം എന്നീ ലക്ഷണങ്ങളളോടുകൂടിയാണ് പലരും എത്തിയത്. നിരീക്ഷണത്തിനായാണ് പലരേയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇനിയും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

shortlink

Post Your Comments


Back to top button