Gulf

ദുബായിയില്‍ നടിയ്ക്ക് സമ്മാനിക്കാന്‍ നായ്ക്കളെ മോഷ്ടിച്ച യുവാക്കള്‍ ജയിലില്‍

ദുബായ്: പ്രമുഖ ഒമാനി നടിയ്ക്ക് സമ്മാനിക്കാന്‍ വളര്‍ത്തുനായ്ക്കളെ മോഷ്ടിച്ച രണ്ട് യുവക്കള്‍ ദുബായില്‍ അറസ്റ്റിലായി. സ്വദേശിയായ 28കാരനും വിദേശിയായ 26 കാരനുമാണ് പിടിയിലായത്. അല്‍ ബാര്‍ഷ ഏരിയയിലുള്ള ഷോപ്പില്‍ നിന്ന് മൂന്നു മുന്തിയ ഇനം ജര്‍മന്‍ നായ്ക്കളെ മോഷ്ടിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

2015 ഒക്ടോബര്‍ 27 ന് രാവിലെ ഏഴുമണിയോടെയാണ് സിറിയക്കാരനായ ഷോപ്പ് മാനേജര്‍ നായ്ക്കളെ കാണാതായ വിവരം മനസിലാക്കുന്നത്. നായ്ക്കള്‍ക്ക് പുറമേ, ഇവയ്ക്കുള്ള ഭക്ഷണവും 2000 ദിര്‍ഹവും ഇവര്‍ കടയില്‍ നിന്നും കവര്‍ന്നിരുന്നു. ഷോപ്പ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഒരു സ്ത്രീയ്‌ക്കൊപ്പം താമസിച്ചിരുന്ന ഇവരെ അവരുടെ ഫ് ളാറ്റില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 29 കാരിയായ നടിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച നായകളേയും കണ്ടെത്തി.

നടിയോടുള്ള ഭ്രമം മൂത്ത് അവര്‍ക്ക് സമ്മാനിക്കാനായാണ് മുന്തിയയിനം നായ്ക്കളെ മോഷ്ടിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

സുഹൃത്ത് സമ്മാനമായി നല്‍കിയതാണ് പട്ടികളെയെന്നും സുഹൃത്തായതിനാല്‍ താന്‍ അത് സ്വീകരിക്കുകയായിരുന്നുവെന്നും എന്നാല്‍ അത് മോഷണ മുതലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും നടി പറഞ്ഞു.

വിദേശിയായ യുവാവ് കുറ്റം നിഷേധിച്ചെങ്കിലും സ്വദേശി കുറ്റം സമ്മതിച്ചു .യുവാക്കള്‍ക്കുള്ള ശിക്ഷ കോടതി കഴിഞ്ഞ ദിവസം വിധിച്ചു. ആറുമാസം തടവാണ് ദുബായ് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button