ന്യൂഡല്‍ഹി: 251 രൂപയുടെ മൊബൈല്‍ എന്നപേരില്‍ അവതരിപ്പിച്ച ഫ്രീഡം 251 ഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈനില്‍ പണമടച്ചു ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരകെ നല്‍കും. ഫ്രീഡം 251ന്റെ നിര്‍മാതാക്കളായ റിംഗിംഗ് ബെല്‍ കമ്പനി എംഡി മോഹിത് ഗോയലിനെ ഉദ്ധരിച്ച് ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പണം തിരികെ നല്കിയ ശേഷം ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക്് എത്തിച്ചു നല്കുമ്പോള് മാത്രം പണം വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. ഇടപാടുകള്‍ സുതാര്യമാക്കുന്നതിനായാണ് ‘കാഷ് ഓണ്‍ ഡെലിവറി’ ക്രമത്തിലേക്കു മാറാന്‍ പദ്ധതിയിടുന്നതെന്നും ഗോയല്‍ പറഞ്ഞു.
251 രൂപയ്ക്കു സ്മാര്‍ട് ഫോണുകള്‍ നല്കുമെന്നു പ്രഖ്യാപിച്ച് കമ്പനി ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ വെബ്സൈറ്റ് തകരാറിലായിരുന്നു. 40 രൂപ കൊറിയര്‍ ചാര്‍ജ് അടക്കം 291 രൂപയായിരുന്നു നിരക്ക്. ബുക്ക് ചെയ്തു നാല് മാസത്തിനകം ഫോണ്‍ എത്തിച്ചുനല്‍കുമെന്നായിരുന്നു അവകാശവാദം. പണമടച്ചവര്‍ക്ക് സ്ഥിരീകരണ സന്ദേശവും ലഭിച്ചിരുന്നില്ല. 25 ലക്ഷത്തോളം ബുക്കിംഗ് ലഭിച്ചതായും കമ്പനി അവകാശപ്പെട്ടിരുന്നു.
അതിനിടെ, കമ്പനിയ്ക്കെതിരെ എക്സൈസ് വകുപ്പും, ആദായനികുതി വകുപ്പും അന്വേഷണവും ആരംഭിച്ചിരുന്നു.
Post Your Comments