ഷാര്‍ജ: കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ സംരംഭകര്‍ക്കു മുന്നില്‍ വന്‍ അവസരങ്ങളൊരുക്കി ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷനല്‍ ഫ്രീ സോണ്‍ (സെയിഫ് സോണ്‍) കൂടുതല്‍ ഇളവുകളും അവസരങ്ങളുമൊരുക്കി സംരംഭകരെ സ്വാഗതം ചെയ്യുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നുവെന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ഇതിന്റെ ഭാഗമായി കോഴിക്കോട്, പോണ്ടിച്ചേരി, മധുര എന്നിവിടങ്ങളില്‍ സെയിഫ് സോണ്‍ റോഡ് ഷോകള്‍ നടത്തി. രാജ്യാന്തര തലത്തില്‍ വ്യവസായങ്ങള്‍ വളര്‍ത്തുകയെന്ന പ്രമേയത്തില്‍ സെമിനാറുകളും സംഘടിപ്പിച്ചു. സെയിഫ് സോണിലെ സൗകര്യങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും സെയിഫ് സോണ്‍ ഡപ്യൂട്ടി കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ റയിദ് അബ്ദുല്ല ബുഖാതിര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സംരംഭകരില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മധുരയിലും പോണ്ടിച്ചേരിയിലും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്റെ (ഐ.ഇ.ഒ)യും കോഴിക്കോട്ട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും സഹകരണത്തോടെയാണ് റോഡ്‌ഷോയും സെമിനാറും സംഘടിപ്പിച്ചത്. സെമിനാറില്‍ വ്യവസായികള്‍, വിവിധ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൈതൃക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികള്‍, മികച്ച താമസസൗകര്യങ്ങള്‍, കലാവിരുന്നുകള്‍, മരുഭൂമിയിലൂടെയുള്ള യാത്ര എന്നിവയുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണു ലക്ഷ്യം.
ഷാര്‍ജയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നിന്ന് 1.57 ലക്ഷം സന്ദര്‍ശകര്‍ ഷാര്‍ജ ഹോട്ടലുകളിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയതായാണു കണക്ക്. മുന്‍വര്‍ഷത്തേക്കാള്‍ 16% വര്‍ധന. 1.36 ലക്ഷം പേരാണ് 2014ല്‍ എത്തിയത്. 2015ല്‍ എമിറേറ്റിലെ ഹോട്ടലുകളില്‍ എത്തിയ വിനോദ സഞ്ചാരികളില്‍ 8.8 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. 2014ല്‍ ഇത് 6.6% ആയിരുന്നു. ഇന്ത്യയിലെ 13 നഗരങ്ങളില്‍നിന്നായി എയര്‍ അറേബ്യ 112 സര്‍വീസുകള്‍ നടത്തുന്നു.
സെയിഫ് സോണിലെ നിക്ഷേപകരില്‍ 50 ശതമാനവും ഇന്ത്യക്കാരാണെന്ന് സെയിഫ് സോണ്‍ ഹംറിയ ഫ്രീസോണ്‍ അതോറിറ്റി ഡയറക്ടര്‍ സൗദ് സാലിം അല്‍ മസ്‌റൂയി പറഞ്ഞു. കയറ്റുമതി, ഇറക്കുമതി നികുതിയില്‍ ഒട്ടേറെ ഇളവുകള്‍ നല്‍കുന്നു.
ആദായനികുതിയോ കോര്‍പ്പറേറ്റ് നികുതിയോ ഇല്ലെന്നതും പ്രത്യേകതയര്‍ഹിക്കുന്നു. മൂലധനത്തിന്മേല്‍ പൂര്‍ണ അവകാശവും ഉണ്ടായിരിക്കും. നിര്‍മാണമേഖലയില്‍ പല രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ അവസരമുണ്ട്.
Post Your Comments