ന്യൂഡല്‍ഹി: യാത്രയ്ക്കിടെ ട്രെയിനില്‍ നല്‍കുന്ന പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമേ അലക്കാറുള്ളുവെന്ന് കേന്ദ്ര റയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ കിടക്ക വിരിയും, തലയണ ഉറയും, കിടക്കയും എല്ലാ ദിവസവും കഴുകാറുണ്ട്. എന്നാല്‍ പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കഴുകാറ്. ഇന്ത്യന്‍ റയില്‍വേയുടെ വൃത്തിയും ഗുണനിലവാരവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ ഉത്തരത്തെ രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി പരിഹസിക്കുകയും ചെയ്തു. പഴയതുപോലെ സ്വന്തം തലയണയും വിരിയും കൊണ്ടുവരുന്നതാകും യാത്രക്കാര്‍ക്ക് സൗകര്യമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മന്ത്രി അനുവദിക്കുകയാണെങ്കില്‍ ഈ പദ്ധതി നടപ്പാക്കികൂടെയെന്ന കോണ്‍ഗ്രസ് എം.പിയുടെ ചോദ്യത്തെ പിന്തുണയ്ക്കുകയായിരുന്നു ഹാമിദ് അന്‍സാരി.
നല്ല ഉപദേശമാണെന്നും യാത്രക്കാര്‍ പഴയ ശീലങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ റയില്‍വേയ്ക്ക് പ്രശ്‌നമില്ലെന്നും മന്ത്രി മറുപടി പറഞ്ഞു. റയില്‍വേയ്ക്ക് യന്ത്രവല്‍കൃതമായ 41 അലക്കുകമ്പനികള്‍ മാത്രമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 25 എണ്ണം കൂടി പുതിയത് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതുകൂടി വന്നാല്‍ ഇപ്പോള്‍ ഉന്നയിച്ചതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷയെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
Post Your Comments