ചിദംബരം അഫ്സല്‍ ഗുരുവിനെ വെള്ള പൂശാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ
പ്രശ്നങ്ങള്‍ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്
കെ.വി.എസ് ഹരിദാസ്
ഇഷ്രത് ജഹാൻ കേസിൽ മൻമോഹൻ സിംഗ് സർക്കാർ കള്ളത്തരം കാണിക്കുകയായിരുന്നുവെന്നും സത്യത്തിൽ അത് ഒരു ഭീകരാക്രമണം തന്നെയായിരുന്നുവെന്നുമുള്ള മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയുടെ പ്രസ്താവന സുപ്രധാനവും രാഷ്ട്രീയമായി വലിയ പ്രാധാന്യം ഉണ്ടാക്കുന്നതുമാണ്. ഇഷ്രത് ജഹാൻ റാസ, പ്രാണേഷ് കുമാർ, അജമദ് അലി റാണ, സീഷൻ ജോഹർ എന്നിവരാണ് ഗുജറാത്തിൽ 2004 ജൂൺ 15 ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അവർ ലഷ്കർ ഇ തോയബ ബന്ധമുള്ള ഭീകരരാണ് എന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സന്ദേശമാണ് ഗുജറാത്ത് സർക്കാരിനു ലഭിച്ചത്. അതിനെത്തുടർന്ന് ഗുജറാത്ത് പോലീസ് നടത്തിയ നീക്കത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ ആ നാലു പേരും കൊല്ലപ്പെടുകയായിരുന്നു. അതിനെ വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിച്ച് മോഡിയുടെ ഗുജറാത്ത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്രത്തിലെ യുപി എ സർക്കാർ ശ്രമിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് അന്നത്തെ ആഭ്യന്തര സെക്രട്ടറി ശരിവെച്ചിരിക്കുന്നത് . അടുത്തിടെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടു തെളിവുനല്കവേ ഡേവിഡ് ഹെഡ് ലി അതുസംബന്ധിച്ച ചില സൂചനകൾ നൽകിയിരുന്നു. ഇഷ്രത് ജഹാനും മറ്റും ലെഷ്കർ ഭീകരരായിരുന്നു എന്നതാണ് ഹെഡ് ലി വ്യക്തമാക്കിയത്. അതിനെ ആക്ഷേപിച്ച കോണ്ഗ്രസിന് ഇനിയിപ്പോൾ മുഖം രക്ഷിക്കാൻ വഴിയില്ലാതായി. ഈ ഭീകര വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ വേട്ടയാടാൻ മറ്റൊരു പദ്ധതി കേന്ദ്രവും കോണ്ഗ്രസും തയ്യാറാക്കുകയായിരുന്നു എന്നത് ഇതോടെ കൂടുതൽ വ്യക്തമായി.
കള്ളത്തരവും ദേശവിരുദ്ധ പ്രവർത്തനവുമൊക്കെ നടത്തിയാൽ എന്നെങ്കിലും പിടിക്കപ്പെടും എന്നത് പഴയ കാലത്തെ ചൊല്ലാണ്. അത് അങ്ങിനെയാണ്; അതാണ് ദൈവഹിതം എന്നാണ് പഴമക്കാർ സാധാരണ പറയാറുള്ളത്. ഇന്നിപ്പോൾ അത് കോൺഗ്രസുകാർക്ക് ഒന്നൊന്നായി അനുഭവേദ്യമായിക്കൊണ്ടിരിക്കുന് നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഹൈദരാബാദ് സർവകലാശാല, ജെ എൻ യു പ്രശ്നങ്ങൾ കോണ്ഗ്രസിനെ വല്ലാതെ വലക്കുന്നത് രാജ്യം കണ്ടതാണ്. ആ സംഭവങ്ങളിൽ കോണ്ഗ്രസും അവരുടെ കൂട്ടാളികളായ ഇടതു വലതു കക്ഷികളും കൈക്കൊണ്ട നിലപാട് പാർലമെന്റിൽ തകർന്നടിയുന്നതാണ് രാജ്യം ദർശിച്ചത് . കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകൾക്കുമുന്നിൽ ചൂളിപ്പോകുന്ന കോൺഗ്രസുകാരെ കണ്ടു രാജ്യമെമ്പാടും ജനങ്ങൾ കയ്യടിച്ച് ആഘോഷിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ഉറച്ച നിലപാടിനെ ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾ സ്വാഗത മരുളിയപ്പോൾ പാർലമെന്റിലെ മന്ത്രിയുടെ മറുപടി പ്രസംഗം തടസപ്പെടുത്തി മുഖം രക്ഷിക്കാനാണ് രാഹുലും സോണിയയും യെച്ചൂരിയും അടക്കമുള്ളവർ ശ്രമിച്ചത്. അതിനു പിന്നാലെയാണ് മുന് കേന്ദ്ര ആഭ്യന്തര സെക്രെട്ടറി മൻമോഹൻ സർക്കാരിനെയും അന്നത്തെ സിബിഐ നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കിയത്.
ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കള്ളക്കേസ് മെനഞ്ഞെടുത്തു എന്നത് മുന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശരിവെച്ചിരിക്കുന്നു എന്നതാണ് ഇന്നത്തെ ഈ വെളിപ്പെടുത്തലിന്റെ പ്രാധാന്യം. അതൊരു സുപ്രധാനമായ വിജയകരമായ രഹസ്യാന്വേഷണ നടപടിയായിരുന്നു എന്ന് ജികെ പിള്ള പറയുന്നു. ലഷ്കർ ഇ തോയബ ഇന്ത്യയിലേക്ക് ഷൂട്ടർമാരെ അയക്കുന്നുവെന്നും അത് കണ്ടെത്താൻ ഇന്ത്യക്ക് കഴിയുന്നുവെന്നും വ്യക്തമാക്കാനുള്ള അവസരമായിരുന്നു ആ നടപടി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോൾ അതൊരു ഫലപ്രദമായ നീക്കമായിരുന്നു. എന്നാൽ അതുസംബന്ധിച്ച മറ്റു നടപടികൾ രാഷ്ട്രീയതലത്തിൽ സ്വീകരിക്കുകയായിരുന്നു എന്നും മുന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി തുറന്നു പറയുന്നു. ഇക്കാര്യം സംബന്ധിച്ച് കോടതിയിൽ രണ്ടു സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. അവ രണ്ടും രണ്ടായിരുന്നു. ഒന്നിൽ ലഷ്കർ ബന്ധം സംബന്ധിച്ച പരാമർശമുണ്ടായിരുന്നു. മറ്റൊന്നിൽ നിന്ന് അത് അടർത്തി മാറ്റി. അതിനു താനോ ആഭ്യന്തര വകുപ്പോ അല്ല ഉത്തരവാദി മറിച്ച് അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു എന്നും ജികെ പിള്ള പറഞ്ഞിരിക്കുന്നു. അതായത് ലഷ്കർ ഇ തോയബ ഭീകരരെ ന്യായീകരിക്കാനും അതുവഴി മോഡിയെ പ്രതിക്കൂട്ടിലാക്കാനുമാണ് മൻമോഹൻ സിംഗ് സർക്കാർ ശ്രമിച്ചത്. രാഷ്ട്രീയത്തിൽ ഏതു വൃത്തികേടും ആവാം എന്ന് മൻമോഹൻ സിംഗ്, എ കെ ആന്റണി എന്നിവരൊക്കെ അടങ്ങിയ ഭരണകൂടം ശ്രമിച്ചു എന്നാണല്ലോ ഇന്ത്യൻ ജനത മനസിലാക്കേണ്ടത്.
ഇവിടെ നാം ഓർക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. രഹസ്യാന്വേഷണ ഏജൻസി നല്കിയ വിവരം ഗുജറാത്ത് സർക്കാരിന്റെ പക്കലുണ്ടായിരുന്നു. അത് കോടതിയിൽ അവർ എത്തിച്ചു. അപ്പോൾ കേന്ദ്ര സർക്കാരും സിബിഐയും സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നു. ഐബിയും ഗുജറാത്ത് പോലീസും ഒത്തുകളിച്ചു എന്നുപോലും അന്ന് സിബിഐ ആക്ഷേപിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കോണ്ഗ്രസ് സിബിഐയെ എത്രമാത്രം ഉപയോഗിച്ചു എന്നതും ഇതിൽനിന്ന് വ്യക്തമാവുന്നുണ്ട്. അതിനെയൊക്കെ ന്യായീകരിക്കാൻ ഇന്നിപ്പോഴും കോൺഗ്രസുകാർ തയ്യാറാവുന്നു എന്നതാണ് അതിശയകരം.
ഇവിടെ ഒരു കാര്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളിലാണ് ഹൈദരാബാദിലും ജെ എൻ യുവിലും മറ്റും നടന്ന രാഷ്ട്ര വിരുദ്ധ- രാജ്യദ്രോഹ നടപടികളെ പരസ്യമായി കോൺഗ്രസുകാർ ന്യായീകരിച്ചത്. പാർലമെന്റിലെ ചർച്ചക്കിടയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ദേശവിരുദ്ധ നടപടിയല്ല എന്നുവരെ കോൺഗ്രസുകാർ വിളിച്ചുപറഞ്ഞതും നമ്മുടെ മുന്നിലുണ്ട്. ഭീകരാക്രമണത്തിൽ പ്രതിചേർക്കപ്പെട്ട അഫ്‌സൽ ഗുരുവിനെ കോണ്ഗ്രസ് സർക്കാരിന്റെ കാലത്ത് തൂക്കിലെറ്റിയവർ ഇന്നിപ്പോൾ ആ വധശിക്ഷയെ അധിക്ഷേപിക്കുന്നതും കോടതിവിധിയിൽ സംശയം ജനിപ്പിക്കുന്നതുമോക്കെയും നാമൊക്കെ കണ്ടു. അതും പി ചിദംബരത്തെപോലെ മുതിർന്ന ഒരു മുൻ മന്ത്രിയിൽ നിന്ന്. ഇതൊക്കെ കൂട്ടിവായിക്കണ്ടേ?. ഭീകരരെ അന്ന് കോണ്ഗ്രസും മൻമോഹൻ സിങ്ങും കൂട്ടരുമൊക്കെ ചേർന്ന് താലോലിക്കുകയായിരുന്നില്ലേ ?. ഇവിടെ നാം ഓർക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഇഷ്രത് ജഹാൻ വധം അക്ഷരാർഥത്തിൽ പാക് ഭീകരർക്കുള്ള കടുത്ത മുന്നറിയിപ്പായിരുന്നു എന്നമട്ടിലുള്ള ജികെ പിള്ളയുടെ വാക്കുകളിൽ എല്ലാമുണ്ട്. ലെഷ്കറിന്റെ നീക്കങ്ങൾ ഇന്ത്യ നന്നായി നിരീക്ഷിക്കുന്നു എന്നത് ബോധ്യപ്പെടുത്താൻ ആ സംഭവം സഹായിക്കുമായിരുന്നു; അതുവഴി ഭീകരാക്രമണങ്ങൾ കുറച്ചെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നുമാണല്ലോ അദ്ദേഹം പറഞ്ഞത്. അതാണ് കോണ്ഗ്രസും മൻമോഹൻ സർക്കാരും ചേർന്ന് തകർത്തത് . അതിന്റെ ഗുണഭോക്താവ് ആരാണ്……… പാക് ഭീകരപ്രസ്ഥാനം തന്നെ. അതിനു ആരാവും എന്തിനാവും ശ്രമിച്ചത്……… ഇന്നിപ്പോൾ ജെ എൻ യുവിലും ഹൈദരാബാദിലുമൊക്കെ ചെന്ന് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നവർ അതിനു രാജ്യത്തോട് മറുപടി പറയണം.
ഇനി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ കോണ്ഗ്രസിനാവില്ല എന്നതും പറയാതെ വയ്യ. കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ജികെ പിള്ള. പലപ്പോഴും സത്യസന്ധതക്കും കഴിവ് പ്രകടിപ്പിച്ചതിനും പ്രശംസ പിടിച്ചുപറ്റിയ വ്യക്തി. കേരളത്തിൽ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയി പ്രവര്ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. ആന്റണിയുടെ വിശ്വസ്തനായിരുന്നു എന്നർഥം; അല്ലെങ്കിൽ അന്ന് പ്രിൻസിപ്പൽ സെക്രട്ടറിയാക്കില്ലല്ലോ . പിന്നെ എന്തുകൊണ്ട് അന്നത് പറഞ്ഞില്ല എന്നത്……. അതു സ്വാഭാവികമാണ്. ഒരു ഉദ്യോഗസ്ഥന്റെ പരിമിതിയാണത് . വിരമിച്ചശേഷം അത് തുറന്നു പറയുന്നത് ശരിയോ എന്നതും മറ്റും ചോദിച്ചേക്കാം. എന്നാൽ ഇന്നിപോൾ ഡേവിഡ് ഹെഡ് ലിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അതിനു പ്രസക്തിയുണ്ടായപ്പോൾ അത് തുറന്നു പറഞ്ഞു എന്ന് കരുതിയാൽ മതി. പിന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം ഇന്നലെ അഫ്‌സൽ ഗുരുവിനെ വെള്ളപൂശാൻ ശ്രമവും കൂടി നടത്തിയപ്പോൾ ചിലതെല്ലാം തുറന്നുപറയുന്നതാണ് നല്ലതെന്ന് രാജ്യസ്നേഹി ആയ ജികെ പിള്ളക്ക് തോന്നിയതുമാവാം.
ഇവിടെ പ്രശ്നങ്ങൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല; പുതിയത് ആരംഭിക്കുകയാണ്. അതിലൊന്ന് കോണ്ഗ്രസിന്റെ തലപ്പത്തെ ചിലരുടെയും മൻമോഹൻ സർക്കാരിന്റെ കാലത്ത് സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊണ്ടവരുടെയും ആത്മാർഥതയെ സംബന്ധിച്ച ചോദ്യങ്ങളാണ്. അതിനു അവർ ജനങ്ങൾക്ക് മുന്നിൽ ഉത്തരം നല്കിയെ തീരൂ. അതിനപ്പുറം രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം കള്ളക്കേസുകളിൽ കുടുക്കി നശിപ്പിക്കാൻ ശ്രമിച്ചത് സംബന്ധിച്ചാണ്. അതും രാജ്യത്തിനകത്തു ചർച്ച ചെയ്യപ്പെടും.എ അതിനെക്കാളൊക്കെ പ്രധാനം ഭീകരരെ സംരക്ഷിക്കാൻ വെള്ളപൂശാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. അതൊക്കെ നാളെകളിൽ എങ്ങിനെ ഇവിടെ വിലയിരുത്തപ്പെടും, വിശകലനം ചെയ്യപ്പെടും എന്നത് കാത്തിരുന്നു കാണാം.
Post Your Comments