തിരുവനന്തപുരം: നിരക്കുകള്‍കൂട്ടാതെ, എല്ലാവിഭാഗം യാത്രക്കാരുടെയും ആവശ്യങ്ങള്‍ പ്രത്യേകം പരിഗണിച്ച് റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് തൃപ്തികരവും സ്വാഗതാര്‍ഹവും ചരിത്രപ്രധാനവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
ദേശീയ തലസ്ഥാനവും കേരളവും തമ്മിലുള്ള യാത്രാ സമയം എട്ടുമണിക്കൂര്‍ കുറയുമെന്നത് യാത്രാ വിപ്ലവംതന്നെയാണ്. ഒമ്പതു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നത് വന്‍പിച്ച തീരുമാനമാണ്. സ്ത്രീസുരക്ഷയും അവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണവും വയോജനങ്ങള്‍ക്കു കുടുതല്‍ യാത്രാ സൗകര്യവും റെയില്‍വേയുടെ മുഖച്ഛായയും പ്രതിച്ഛായയും മാറ്റും. തിരക്കുള്ള റൂട്ടുകളില്‍ പ്രത്യേക വണ്ടികള്‍ എന്ന നയം കേരളത്തിനു ഗുണകരമാകും. തിരുവനന്തപുരത്തെ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയും ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ വികസന പദ്ധതിയും കേരളത്തിനു ബജറ്റില്‍ കിട്ടിയ വമ്പന്‍ പ്രോജക്ടുകളാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍ ബജറ്റ് സാധാരണ ജനങ്ങളുടെ യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറെ സഹായകമാണ്. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ കോച്ചുകളും പ്രത്യേക വണ്ടികളും അനുവദിക്കുക മാത്രമല്ല, റിസര്‍വേഷന്‍ ഇല്ലാത്ത പ്രത്യേക ദീര്‍ഘദൂര വണ്ടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരികുക്കുകയാണ്. സ്ത്രീകളുടെ കോച്ചുകള്‍ ട്രെയിനിന്റെ മദ്ധ്യഭാഗത്താക്കാനും മുതിര്‍ന്ന പൗരന്മാരുടെ റിസര്‍വേഷന്‍ ക്വോട്ട വര്‍ദ്ധിപ്പിക്കാനും ലോവര്‍ ബെര്‍ത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉറപ്പിക്കാനും തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. റെയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. അപകടരഹിത റെയില്‍യാത്രയ്ക്കാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച 44 പദ്ധതികള്‍ റെയില്‍വേ വികസനത്തില്‍ നാഴികക്കല്ലാകും. മേക് ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിക്കുന്ന രണ്ട് എഞ്ചിന്‍ ഫാക്ടറികള്‍ നമ്മുടെ രാജ്യത്തെ ഉപയോഗത്തിനുമാത്രമല്ല, കയറ്റുമതിയും ലക്ഷ്യമിട്ടുള്ളനിര്‍മ്മാണത്തിനാണ്. ശുചിത്വവും മികച്ച ഭക്ഷണലഭ്യതയുടെ വ്യാപനവും അന്ത്യോദയ എന്ന പേരിലുള്ള ദീര്‍ഘദൂര റിസര്‍വേഷന്‍ ഇല്ലാത്ത ട്രെയിനും തേര്‍ഡ് എസി സംവിധാനം മാത്രമുള്ള ട്രെയിനുകളും സംസ്ഥാനത്തിന് ഏറെ പ്രയോജനപ്പെടും. തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ പ്രഖ്യാപനവും ചെങ്ങന്നൂര്‍ പില്‍ഗ്രിം സ്‌റ്റേഷന്‍ പ്രഖ്യാപനവും കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളാണ്. അതും ഈ ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്. ഏറ്റവും സ്വാഗതാര്‍ഹമാണ് ഈ ബജറ്റ്, കുമ്മനം പറഞ്ഞു.
Post Your Comments