മധുര: മധുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ സഹതടവുകാരനെ സെല്ലിനകത്തുവച്ച് കൊലപ്പെടുത്തി. സെന്തില്‍(32) ആണ് സഹതടവുകാരനായ സെതിലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സെന്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇരുവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡി 12 സെല്ലില്‍ പ്രശ്‌നം നടക്കുന്നുവെന്ന് അറിഞ്ഞ് തങ്ങളെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സെന്തിലിനെയാണ് കണ്ടതെന്നും അവര്‍ പറഞ്ഞു. സെതില്‍ സെന്തിലിന്റെ തല ജയിലഴിയില്‍ അടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
കൊലപാതകക്കേസിലെ പ്രതികളാണ് ഇരുവരും. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് മധുര സ്വദേശി സെതില്‍ ജയിലിലായത്. ഒരു വൃദ്ധനെ കൊന്നതിനാണ് സെന്തില്‍ കുമാര്‍ ശിക്ഷയനുഭവിച്ചു വന്നിരുന്നത്. അതേസമയം ഇരുവരേയും ഒരേ സെല്ലിലാണ് പാര്‍പ്പിച്ചതെന്ന റിപ്പോര്‍ട്ട് സീനിയര്‍ പ്രിസണ്‍ ഓഫീസര്‍ നിഷേധിച്ചു. സംഭവത്തില്‍ മധുര ജുഡീഷല്‍ മജിസ്‌ട്രേറ്റ് ജുഡീഷല്‍ അന്വേഷണത്തിനുത്തരവിട്ടു.
Post Your Comments