ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 37 രാജ്യങ്ങള്‍ക്കു കൂടി ഇവിസ സൗകര്യം അനുവദിച്ചു. വെള്ളിയാഴ്ച മുതല്‍ പുതിയ രാജ്യങ്ങള്‍ കൂടി ഇ വിസയുടെ പരിധിയില്‍ വരും. ഇതോടെ ഇ വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 150 ആകും. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഇ ടൂറിസ്റ്റ് വിസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.
അല്‍ബേനിയ, ഓസ്ട്രിയ, ബോസ്നിയ, ഹെര്‍സഗോവിന, ബോട്സ്വാന, ബ്രൂണെ, ബള്‍ഗേറിയ, കേപ്പ് വെര്‍ഡെ, ഐവറി കോസ്റ്റ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാര്ക്ക്, എറിത്രിയ, ഗാബോണ്‍, ഗാംബിയ, ഘാന, ഗ്രീസ്, ഗിനി, ഐസ്ലാന്‍ഡ്, ലെസോത്തോ, ലൈബീരിയ, മഡഗാസ്കര്‍, മലാവി, മോള്‍ഡോവ, നമീബിയ, റുമാനിയ, സാന്‍ മറിനോ, സെനഗല്‍, സെര്‍ബിയ, സ്ലോവാക്യ, സൗത്ത് ആഫ്രിക്ക, സ്വാസിലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, താജിക്കിസ്താന്‍, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളെയാണ് ഇ വിസ പദ്ധതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2014 നവംബര്‍ ഏഴിനാണ് ഇന്ത്യയില്‍ ഇ ടൂറിസ്റ്റ് വിസ ആദ്യമായി നടപ്പാക്കിയത്. സഞ്ചാരികള്‍ക്ക് ഓണ്‍ലൈനില്‍ വിസയ്ക്ക് അപേക്ഷ നല്കിയാല് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി ഇമെയില്‍ മുഖേന ലഭിക്കും. ഇതിന്റെ പകര്‍പ്പ് ഇന്ത്യയിലെത്തുമ്പോള്‍ പാസ്പോര്‍ട്ടിനൊപ്പം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ കാണിച്ചാല്‍ ഇ വിസ ലഭിക്കും. 30 ദിവസത്തേക്കാണ് വിസ. ഇതുവരെ 113 രാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ ഈ സേവനം ലഭിച്ചിരുന്നു. പദ്ധതി നിലവില്‍ വന്നശേഷം ഇതുവരെ ഏഴര ലക്ഷത്തോളം പേര്‍ക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 3500ഓളം സഞ്ചാരികളാണ് ഇ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്നത്.
Post Your Comments