Kerala

മലയാളി ജവാന്റെ മൃതദേഹത്തിന് കടുത്ത അപമാനം

മലപ്പുറം: മലയാളി സി.ഐ.എസ്.എഫ് ജവാന്റെ മൃതദേഹത്തെ ഒഡിഷ പോലീസും അധികൃതരും ചേര്‍ന്ന് അപമാനിച്ചതായി ആരോപണം. ഒഡിഷയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സി.ഐ.എസ്.എഫ് ജവാന്‍ താമരശ്ശേരി കട്ടിപ്പാറ ചെട്ടിപ്പറമ്പില്‍ ജോസ് പി ജോസഫിന്റെ മൃതദേഹത്തിനാണ് ദുര്‍ഗതി നേരിടേണ്ടി വന്നത്.

ആസാമില്‍ ജോലി ചെയ്തിരുന്ന ജോസ് കഴിഞ്ഞ എട്ടിന് നാട്ടിലേക്ക് തിരിച്ചതാണ്. യാത്രക്കിടെ കാണാതായ ഇദ്ദേഹത്തെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒഡിഷയിലെ ഖോര്‍ദാ ജില്ലയിലെ ബാലുഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെ റെയില്‍വേ പാളത്തിനടുത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം വികൃതമായ നിലയിലായിരുന്നു. ട്രെയിനില്‍ നിന്ന് വീണുമരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജോസുമായുള്ള ഫോണ്‍ ബന്ധം നിലച്ചതിനെത്തുടര്‍ന്നാണ് ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് അന്വേഷണത്തിനായി മലപ്പുറം എസ്.ഐ റിച്ചാര്‍ഡ്‌ വര്‍ഗീസും ഒരു സിവില്‍ പോലീസ് ഓഫീസറും ജോസിന്റെ സഹോദരനും അടങ്ങിയ സംഘം ഒഡിഷയിലേക്ക് പോയിരുന്നു. എന്നാല്‍ ഒഡിഷ പോലീസിന്റെ ഭാഗത്ത് നിന്നും റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ സഹകരണവും ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം ആരും തിരിഞ്ഞുനോക്കാതെ പാളത്തിനരുകില്‍ കിടക്കുകയായിരുന്നു മൃതദേഹം. ഒഡിഷ പോലീസ് തങ്ങളെ പട്ടികളെ പോലെയാണ് കണ്ടതെന്ന് എസ്.ഐ.റിച്ചാര്‍ഡ്‌ വര്‍ഗീസ്‌ പറയുന്നു. തങ്ങളെ തൊട്ടുകൂടാത്തവരെ ഒഡിഷ പോലീസ് അകറ്റി നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ ഏറെ ബുദ്ധിമുട്ടി ഒഡിഷയില്‍ നിന്ന് ജന്മനാട്ടിലെത്തിയ മൃതദേഹം നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ഉചിതമായ അന്ത്യാഞ്ജലി നല്‍കി സംസ്കരിച്ചു.

shortlink

Post Your Comments


Back to top button