പുത്തൂര്‍ : കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലാണ് നാലു പേരെ പിടികൂടിയത്. തേവലപ്പുറം ബോട്ട് ജെട്ടി ജംങ്ഷന്‍ ജയമന്ദിരത്തില്‍ വിഷ്ണു (19), പോളിടെക്‌നിക് വിദ്യാര്‍ത്ഥി പവിത്രേശ്വരം മാമച്ചന്‍ കാവിനു സമീപം അരുണ്‍ ഭവനില്‍ അരുണ്‍ (19) എന്നിവരെയാണ് ആദ്യ കേസില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് തേവലപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
25ഗ്രാം കഞ്ചാവിനൊപ്പം കഞ്ചാവ് പൊടിക്കാനുപയോഗിക്കുന്ന ചെറിയ ഉപകരണവും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ചെറിയ പൈപ്പും ഇവരില്‍ നിന്ന് കണ്ടെടുത്തു. തെങ്കാശിയില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നുവെന്നാണ് ഇവരുടെ മൊഴി. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളടക്കം പതിനഞ്ചോളം പേരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട് ഇവരും നിരീക്ഷത്തിലാണ്.
ഇന്നലെ വൈകിട്ട് നാലരയോടെ കുളക്കട സ്‌കൂളിനു സമീപത്തു നിന്നാണ് രണ്ടാമത്തെ കേസിലെ പ്രതികളായ പുത്തൂര്‍മുക്ക് പുത്തന്‍പുരയില്‍ ആനന്ദന്‍(43), കുളക്കട അമ്പേലില്‍ താഴത്തില്‍ ഉണ്ണി (36) എന്നിവരെ പിടികൂടിയത്. 56 പൊതി കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകക്കേസിലും ഒട്ടേറെ എക്‌സൈസ് കേസുകളിലും പ്രതിയാണ് ആനന്ദന്‍. ഉണ്ണിക്കെതിരെയും എക്‌സൈസ്-കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ തമ്പടിച്ചു കുട്ടികളെ കഞ്ചാവിനിരയാക്കുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസിന്റെ സംശയം.
Post Your Comments