Chilambu

നിശാഗന്ധികൾ

ഗായത്രി വിമല്‍

പ്രവാസം നമുക്ക് ഒരുപാട് കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ഒന്നാണ് .അടുത്ത കാലത്തായി എന്റെ കണ്ണുകളിൽ ഇടം നേടിയ ,അങ്ങിനെ ഒരു കാഴ്ചയെ കുറിച്ചാണ് പറയുവാൻ പോകുന്നത് .തീർത്തും അന്യരായ രണ്ടു വ്യക്തികൾ എവിടെ നിന്ന് വന്നുവെന്നോ എവിടേക്കാണ്‌ പോകുന്നതെന്നോ പറയുവാനോ അറിയുവാനോ കഴിയാത്ത അപരചിതർ .എന്റെ ചിന്തകളുടെ ഭാഗമായവർ.

അതിൽ ഒന്നാമൻ ഒരു കപ്പലണ്ടി കച്ചവടകാരനാണ്.ഇങ്ങനെ പറയുമ്പോ സ്വാഭാവികമായി വായനക്കാർക്ക് തോന്നാം സാങ്കല്പിക കഥാപാത്രമാണോ ഇതെന്ന് കാരണം കുവൈറ്റിൽ എവിടാ കപ്പലണ്ടി കച്ചവടകാരൻ.പക്ഷെ പച്ചയായ സത്യമാണ് .ഋതുക്കളുടെ ഓരോ വേഷപകർച്ചയിലും ഞാൻ ആ മനുഷ്യനെ കണ്ടിട്ടുണ്ട് .നഗരം ചുട്ടുപൊള്ളുന്ന ഒരു രാത്രിയിൽ വീട്ടിലേക്കു ഭർത്താവുമൊന്നിച്ചു നടക്കുമ്പോൾ പിന്നിൽ നിന്ന് ചേട്ടാ ഒന്ന് നിൽക്കാമോ എന്ന വിളി കേട്ടു .ചൂട് അസഹ്യമായതിനാൽ ഞങ്ങൾ കുറച്ചു വേഗത്തിലായിരുന്നു ഒപ്പം നല്ല ക്ഷീണവും ഉണ്ടായിരുന്നു.ആ വിളി ഞങ്ങളെ അവിടെ നിർത്തി കുറച്ചു ദേഷ്യവും തോന്നാതിരുന്നില്ല അപ്പോഴയാണ് ഞാൻ ആദ്യമായി ആ മനുഷ്യനെ കാണുന്നത്.പേപ്പറിൽ പൊതിഞ്ഞ ഒരു കുമ്പിൾ നീട്ടി ചെറിയ പുഞ്ചിരിയുമായി ഒരാൾ.കാഴ്ചയിൽ ഒരു മദ്യവയസ്കൻ ,തിറുത്തു കയറ്റിയ പാന്റും ജുബ്ബ പോലുള്ള ഷർട്ടും ചുരുണ്ട് നീണ്ട മുടിയും തലയിൽ ഒരു തൊപ്പിയുമായിരുന്നു അയാളുടെ വേഷം.വിചിത്രമായ കാഴ്ച്ച ഒറ്റനോട്ടത്തിൽ ഒരു നാടോടിയെ പോലെ .അയാൾ കയ്യിലെ പൊതി നീട്ടി അത് വാങ്ങുവാൻ ഞങ്ങളോട് ആവശ്യപെട്ടു.അയാളെ ഒഴിവാക്കുക എന്ന ആവശ്യവും വീട്ടിൽ വേഗമെത്തണമെന്ന ഉദ്ദേശവും ഉള്ളതിനാൽ ഞങ്ങൾ രണ്ടു പൊതി വാങ്ങി.ഞങ്ങളോട് നന്ദി പറഞ്ഞ ഒപ്പം തന്നെ താനത് വീട്ടിൽ ഉണ്ടാക്കിയതാണെന്നും രുചിയുണ്ടാവും എന്നൂടെ കൂട്ടിച്ചേർത്തു അയാൾ കപ്പലണ്ടി എന്ന് വിളിച്ചു പറഞ്ഞു മുന്നോട്ടും ഞങ്ങൾ വീട്ടിലേക്കും നടന്നു.പോകുന്ന വഴിയിൽ അയാളെ കുറിച്ച് സംസാരിച്ചു ഞങ്ങൾ.വിചിത്രമായ കാഴ്ച കണ്ട ഒരു ലാഘവത്തോടെ .വീട്ടിൽ ചെന്നയുടൻ ആ പൊതി അഴിച്ചു ഞങ്ങൾ അത് കഴിച്ചു അയാള് പറഞ്ഞത് ശേരിയായിരുന്നു അതിനു ഒരു രുചിയുണ്ടായിരുന്നു.അങ്ങിനെ അയാളെന്ന കാഴ്ചയും എന്റെ മനസ്സ് പതിയെ മായ്ച്ചു കളഞ്ഞു.

കുവൈറ്റ്‌ തണുത്തു മരവിക്കുന്ന ദിവസങ്ങളിൽ ഒന്നിൽ ഇതേപോലെ തികച്ചും യാദർശികമായി ഞാൻ അയാളെ വീണ്ടും കണ്ടു.അകലം ഞങ്ങൾക്കിടയിൽ മറ സൃഷ്ട്ടിച്ചുവെങ്കിലും അയാളെ ഞാൻ വേഗം തിരിച്ചറിഞ്ഞു എന്നത് എന്നിൽ തന്നെ ആശ്ചര്യം ഉണ്ടാക്കി.അയാളുടെ ശബ്ദവും കുപ്പായവും ഒന്നും എന്റെ മനസ്സ് പൂര്‍ണമായി മായിച്ചിരുന്നില്ല എന്നത് അന്നെനിക്ക് ബോധ്യമായി.വളരെ ഉറക്കെ സംസാരിക്കുന്ന ആളായത് കൊണ്ട് തന്നെ സഞ്ചിക്കുള്ളിലെ പൊതികൾ വിറ്റുതീർക്കുവാൻ ചെറിയ തമാശകളും വര്ത്തമാനങ്ങളുമായി ആളുകളെ സമീപിക്കുന്നത് എനിക്ക് ദൂരെ നിന്നും കാണാമായിരുന്നു.അന്ന് പക്ഷെ ചിന്തകളിൽ എവിടെയോ ആ മനുഷ്യൻ സ്ഥാനം പിടിച്ചു.അതൊരു വിങ്ങലായാണോ വേദനയായാണോ എന്നറിയില്ല .എങ്കിലും ഞാനാ മനുഷ്യന് എന്റെയുള്ളിൽ അംഗീകാരം കൊടുത്തു.ഇന്നലെ രാത്രിയിൽ നിനച്ചിരിക്കാത്ത വേളയിൽ രാത്രിയിൽ ബാൽകണിയിൽ തുണി വിരിച്ചു കൊണ്ട് നിൽക്കുമ്പോൾ പരിചയമുള്ള ശബ്ദം കേട്ടുഞാൻ താഴേക്ക്‌ നോക്കി.അതേ കുപ്പായമണിഞ്ഞു കപ്പലണ്ടി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു നടന്നു നീങ്ങുന്നു അജ്ഞാതനായ അയാൾ.എന്തോ ഒരു വേദനയോ സന്തോഷമോ ആണ് ആ നേരത്തിൽ എനിക്ക് തോന്നിയത് .അയാളിലൂടെ എന്റെ കണ്ണുകൾ കൊണ്ട് ഒരിക്കലുമറിയാത്ത അയാളുടെ കുടുംബത്തെ ഞാൻ മനസ്സില് കണ്ടു.ഒരുപക്ഷെ പ്രായമേറിയ ഒരുമ്മയും ബാപ്പയും അയാൾക്കുണ്ടാവാം.വരവ് കാത്തിരിക്കുന്ന ഒരു ബീവിയുണ്ടാവാം കുഞ്ഞു പൈതങ്ങളുണ്ടാവാം.അവരുടെ ഓരോ വയറു നിറക്കുവാനാവില്ലേ പൊതികളുമായി പ്രകൃതിയുടെ ഭാവമാറ്റങ്ങളെ വകവെയ്ക്കാതെ രാത്രിയിൽ ഈ മനുഷ്യൻ സഞ്ചരിക്കുന്നത്.അതോ ആ കുടുംബത്തിലെ ഓരോ മുഖത്തുമുള്ള ചിരി എന്നേക്കുമായി നിലനിര്‍ത്തുവാന്‍ വേണ്ടിയാണോ സ്വയം കോമാളി കണക്കെ ഉറക്കെ ഉറക്കെ സംസാരിച്ചു നടക്കുന്നത് അറിയില്ല എങ്കിലും സഹോദരാ നിങ്ങളെന്റെ മിഴികളെ എപ്പോഴൊക്കെയോ ഈറനണിയിച്ചിട്ടുണ്ട് .നിങ്ങളാരെന്നോ എന്തെന്നോ അറിയാതെ ഞാൻ നിങ്ങളേയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിച്ചു പോവുന്നു.ആദരവ് തോന്നുന്നു.

ഇനി എന്റെ കാഴ്ച്ചയുടെ ഇടം പകർന്ന രണ്ടാമത്തെ ആൾ.അയാളും എനിക്ക് പൂർണ്ണമായി അപരിചിതൻ തന്നെ.ഞങ്ങളുടെ ഫ്ലറ്റിനു മുന്നിലെ ജ്വല്ലറിയുടെ സെക്യൂരിറ്റി ആണയാൾ എന്ന് മാത്രമെനിക്കറിയാം.ഗൾഫ്‌ രാജ്യങ്ങൾക്ക് പുത്തരിയല്ലാത്ത പൊടിക്കാറ്റുള്ള ഒരു രാത്രിയിലാണ്‌ ഞാനാ മനുഷ്യനെ ആദ്യമായി ശ്രദ്ധിക്കുന്നത് .പുറത്തെ കാറ്റിന്റെ ശക്തി അറിയാൻ ഒരു രാത്രിയിൽ ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ ജ്വല്ലറിക്ക് മുന്നിലെ കസേരയിൽ മുഖം മറച്ചു ഇരിക്കുന്ന അയാളെന്റെ ദൃഷ്ടിയിൽ പതിഞ്ഞു.ഏതൊരു മനുഷ്യനും ബുദ്ധിമുട്ടും അസുഖങ്ങളും പടര്‍ത്തുന്ന കാറ്റിൽ ആ മനുഷ്യൻ തനിയെ.മരം കോച്ചുന്ന തണുപ്പിൽ നഗരം കമ്പിളി പുതപ്പിനെ ആശ്രയിക്കുമ്പോൾ അയാൾ മാത്രം തനിയെ രാത്രിയുടെ കാവൽക്കാരനായി ആ കസേരയിൽ ഉണ്ടാവും.എനിക്കയാളോട് തികച്ചും പാവം തോന്നി.ഇന്നും അയാള് ഏതു നാട്ടുകാരനെന്നോ ഏതു ഭാഷ സംസാരിക്കുന്നവനെന്നോ ജാതിയോ മതമോ വർണ്ണമോ പോലും അറിയില്ല.ഒരു ജനാലയെ മറച്ച കർട്ടനു അപ്പുറവും ഇപ്പുറവും നിന്ന് കൊണ്ട് കേവലം ഒരു മനുഷ്യൻ എന്ന പരിചയം മാത്രം .പക്ഷെ അന്ന് ആ മനുഷ്യനെ കണ്ട രാത്രി മുതൽ ഇന്നോളം ഒരു രാത്രി വരെ ഞാൻ അയാളെ നോക്കതിരിന്നുട്ടില്ല.ഭാഷകൾക്കും ഭാഷണങ്ങൾക്കും അതീതമായി ഉടലെടുത്ത ബന്ധം.

ഈ രണ്ടു വ്യക്തികൾക്കൊപ്പം ചേരുമ്പോൾ ഞങ്ങൾ മൂന്നു ദേശക്കാർ.അവർ പോലുമറിയാത്ത എന്നിൽ ഉടലെടുത്ത അവരുമായുള്ള ബന്ധം.ചിലപ്പോൾ വ്യസനിപ്പിച്ചും ചിന്തിപ്പിച്ചും എന്റെ കാഴ്ചകൾക്ക് മുന്നിലൂടെ അവരിന്നും നടന്നു നീങ്ങുന്നു.ആർഭാടങ്ങളും ആഡംബരങ്ങങ്ങളുമില്ലാതെ ,ആഗ്രഹങ്ങളും സ്വപ്നങ്ങളും മറച്ചു വെച്ച് രാത്രിയുടെ നിഴലിൽ വിരിയുന്ന ഇവരെനിക്ക് നിശാഗന്ധികളാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button