ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശില്‍ 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ വൈദ്യുതി പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനിയായ ഭരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് സ്വന്തമാക്കി. ചൈനീസ് കമ്പനിയെ പിന്തള്ളിയാണ് ബി.എച്ച്.ഇ.എല്‍ കരാര്‍ സ്വന്തമാക്കിയത്.
ശ്രീലങ്കയില്‍ ഉള്‍പ്പടെ വികസനപ്രവര്‍ത്തനങ്ങളില്‍ മുതല്‍ മുടക്കിയും മറ്റും മേഖലയില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്ക് മേല്‍ നിര്‍ണായക നേട്ടമായി ബംഗ്ലാദേശില്‍ ഇന്ത്യ നേടിയ കരാറിനെ വിലയിരുത്തപ്പെടുന്നു.
നിരവധി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദക്ഷിണബംഗ്ലാദേശിലെ ഖുല്‍നയില്‍ 1320 മെഗാവാട്ടിന്റെ താപവൈദ്യുത നിലയം നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ബി.എച്.ഇ.എല്‍ ഫെബ്രുവരി 28 ന് ഒപ്പുവയ്ക്കുന്നത്.
ഇറാന്‍, തുര്‍ക്കി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വന്‍ പവര്‍പ്ലാന്റുകളുള്ള ചൈനയുടെ ഹാര്‍ബിന്‍ ഇലക്ട്രിക് ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് ആണ് ബി.എച്ച്.ഇ.എല്ലിന്റെ എതിരാളി. സാങ്കേതിക കാരണങ്ങളാല്‍ ഇവരുടെ ബിഡ് തള്ളിപ്പോകുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ബംഗ്ലാദേശി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിദേശത്ത് ഒരു ഇന്ത്യന്‍ കമ്പനി നിര്‍മ്മിക്കുന്ന ഏറ്റവും വലിയ വൈദ്യുതി നിലയമാകും ഖുല്‍നയിലേത്. നിലവില്‍ ബി.എച്ച്.ഇഎല്‍ ദക്ഷിണാഫ്രിക്കയിലെ റാണ്ടയില്‍ ഒരു പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ശ്രീലങ്കയിലും ഒന്ന് പദ്ധതിയിടുന്നുണ്ട്.
ബംഗ്ലാദേശിലെ തദ്ദേശീയ ഉപഭോഗത്തിനായി 660 മെഗാവാട്ടിന്റെ രണ്ട് പ്ലാന്റുകളാകും ബി.എച്ച്.ഇ.എല്‍ നിര്‍മ്മിക്കുക. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശിലെ അഞ്ചില്‍ രണ്ട് ഭാഗം ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമല്ല.
മേഖലയില്‍ ചൈനയ്ക്ക് ഏല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തെ, നേരത്തെ ബംഗ്ലാദേശിലെ തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ചൈനയെ പിന്തള്ളി ജപ്പാന്‍ സ്വന്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഏറെവര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന അയാല്‍രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ്.
Post Your Comments