NewsIndia

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് തീര്‍ത്തും രാജ്യദ്രോഹമാണ്: മുന്‍ സോളിസിറ്റര്‍ ജെനറല്‍ സന്തോഷ്‌ ഹെഗ്ഡെ

ദേശദ്രോഹ വിരുദ്ധ നിയമത്തിന് താന്‍ അനുകൂലമാണെന്നും, രാജ്യത്തിനെതിരെ ആശയപ്രചരണം നടത്തുന്നത് തടയാന്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മുന്‍ സോളിസിറ്റര്‍ ജെനറല്‍ എന്‍ സന്തോഷ്‌ ഹെഗ്ഡെ അഭിപ്രായപ്പെട്ടു

പാര്‍ലമെന്‍റ് ആക്രമണക്കെസിലെ പ്രതി അഫ്സല്‍ ഗുരുവിന്‍റെ തൂക്കിക്കൊലയെ “ജുഡീഷ്യല്‍ കൊലപാതകം” എന്ന്‍ വിശേഷിപ്പിച്ച് ചില ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് തികച്ചും രാജ്യദ്രോഹ പരമാണെന്നും മുന്‍ സുപ്രീംകോടതി കോടതി അഭിഭാഷകന്‍ കൂടിയായ ഹെഗ്ഡെ അഭിപ്രായപ്പെട്ടു.

“ഞാന്‍ ദേശദ്രോഹ വിരുദ്ധ നിയമത്തെ അനുകൂലിക്കുന്നു. ഞാനൊരു ദേശസ്നേഹിയാണ്. ഒരു ദേശസ്നേഹിക്കും രാജ്യത്തിനെതിരെയുള്ള നീക്കങ്ങള്‍ കണ്ടിരിക്കാനവില്ല. ചില അതിരുകള്‍ ലംഘിക്കാതെ നോക്കിയേ മതിയാകൂ,” മുന്‍ കര്‍ണ്ണാടക ലോകായുക്തയായും സേവനമനുഷ്ടിച്ചിട്ടുള്ള ഹെഗ്ഡെ പറഞ്ഞു.

“മറ്റു ചില രാജ്യങ്ങളോടോ, സംഘങ്ങളോടോ കൂറുള്ള പലരും വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നു. പക്ഷെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കില്‍, രാജ്യത്തിനെതിരെ ആശയപ്രചരണം നടത്തുന്നവരെ നിയന്ത്രിച്ചേ മതിയാകൂ,” ഹെഗ്ഡെ പറഞ്ഞു.

രാജ്യത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹപരമാകില്ലെന്ന് മുന്‍പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയോട് തനിക്ക് യോജിപ്പില്ലെന്നും ഹെഗ്ഡെ പറഞ്ഞു.

“ആ വിധിന്യായത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. രാജ്യത്തിന് ദ്രോഹകരമാകുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹമാണ്. മറിച്ചുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്നിടത്തോളം അത് മാനിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പക്ഷെ, ആ വിധി തിരുത്തണം എന്ന്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും,” ഹെഗ്ഡെ പറഞ്ഞു.

“ദേശസ്നേഹത്തെ ആരും ഒരു കളിപ്പാട്ടമാക്കരുത്. എല്ലാം ശരിയാണ്, പക്ഷെ ദേശസ്നേഹത്തെ ത്യജിച്ചുകൊണ്ട് ഒരിക്കലും ഒത്തുതീര്‍പ്പുകള്‍ക്കും, താല്‍ക്കാലിക നേട്ടങ്ങള്‍ക്കും ഒരുങ്ങരുത്,” ഹെഗ്ഡെ കൂട്ടിച്ചേര്‍ത്തു.

“വധശിക്ഷയില്‍ വിശ്വസിക്കുന്നില്ല എന്ന്‍ പറയുന്നവരുണ്ട്. അവരോട് എനിക്കൊരു ചോദ്യമുണ്ട്. ഒരു കുറ്റകൃത്യത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെടുന്ന ആളുടെ മാനുഷിക അവകാശങ്ങള്‍ക്കെന്തു സംഭവിക്കുന്നു? ഇപ്പോഴുള്ള രാജ്യത്തിന്‍റെ അവസ്ഥ വളരെ ദുഃഖകാരമാണ്. പാക്കിസ്ഥാനില്‍ സംഭവിച്ചത് നോക്കൂ. വിരാട് കൊഹ്ലിയുടെ ആരാധകനായ ഒരു പാക്-പൌരന്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനു കിട്ടിയത് 10-വര്‍ഷത്തെ തടവുശിക്ഷയാണ്. ഒരു രാജ്യത്തിനും തങ്ങളുടെ ദേശസുരക്ഷയെ അവഗണിക്കാനാവില്ല,” ഹെഗ്ഡെ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button