NewsIndia

സ്വാതന്ത്ര്യലബ്ദിക്ക് 69-വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണആസാമില്‍ നിന്ന്‍ ന്യൂഡല്‍ഹിക്ക് നേരിട്ട് ട്രെയിന്‍

ദക്ഷിണആസാമിലെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ബാരക് താഴ്വരയിലെ ബഹുസ്വര സമൂഹത്തിലെ ആളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ്. പക്ഷെ, ആസാമിന്‍റെ മൂന്ന്‍ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന – ത്രിപുര, മിസോറം, മണിപ്പൂരിന്‍റെ ചിലഭാഗങ്ങള്‍ എന്നിവടങ്ങളിലേക്ക് യാത്രാമാര്‍ഗ്ഗങ്ങള്‍ തുറക്കുന്ന “ഗേറ്റ് വേ” കൂടിയായ – ഈ കരബന്ധിത പ്രദേശത്തിന് ആദ്യമായി രാഷ്ട്രതലസ്ഥാനത്തു നിന്ന്‍ നേരിട്ട് ഒരു ട്രെയിന്‍ ലഭിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. കച്ചാര്‍ ജില്ലയിലെ സില്‍ചാര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സില്‍ചാര്‍-ന്യൂഡല്‍ഹി പ്രതിവാര ട്രെയിനായ പൂര്‍വ്വോത്തര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ഫ്ലാഗ്-ഓഫ് ചെയ്തു. 2020-ഓടെ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തലസ്ഥാന നഗരങ്ങളും ന്യൂഡല്‍ഹിയുമായി റെയില്‍മാര്‍ഗ്ഗം ബന്ധിപ്പിക്കും എന്നും സുരേഷ് പ്രഭു പ്രഖ്യാപിച്ചു.

2017-നും 2019-നും ഇടയില്‍ത്തന്നെ ആസാമിനു പുറമെ അരുണാചല്‍പ്രദേശ്‌, ത്രിപുര, മണിപ്പൂര്‍, മിസോറമിന്‍റെ തലസ്ഥാന നഗരം ഐസ്വാള്‍ തുടങ്ങിയവയും ബ്രോഡ്-ഗേജ് റെയില്‍വേ സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കുമെന്ന്‍ റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.

“2020-ന് മുമ്പ്തന്നെ കൊഹിമ, ഷില്ലോംഗ്, ഗാംഗ്ടോക് എന്നീ സ്ഥലങ്ങളിലേക്ക് റെയില്‍ റൂട്ടുകള്‍ നീട്ടാനുള്ള എല്ലാ പരിശ്രമങ്ങളും റെയില്‍വേ നടത്തും. രാജ്യപുരോഗതിക്കായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ളവരാണ് വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുക എന്നത് അവരെസംബന്ധിച്ച് അതീവപ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇതിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ബാരക് താഴ്വരയിലെ ജനങ്ങള്‍ക്ക് ഇത് ചരിത്രപരമായ ഒരു ദിവസമാണ്. ഞങ്ങള്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി കാണിക്കുകതന്നെ ചെയ്യും, ” സുരേഷ് പ്രഭു പറഞ്ഞു.

ദക്ഷിണആസാമിലെ ബാദര്‍പൂരില്‍ നിന്നും ത്രിപുരയിലെ ജിരാനിയയിലേക്കും, ബാദര്‍പൂരില്‍ നിന്ന്‍ മണിപ്പൂരിലെ ജിരിബാമിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബ്രോഡ്-ഗേജ് ചരക്കുതീവണ്ടികളുടെ ഉത്ഘാടനവും സുരേഷ് പ്രഭു നിര്‍വ്വഹിച്ചു. ഏപ്രില്‍ 14-ന് സില്‍ചാര്‍-അഗര്‍ത്തല ഇന്‍റര്‍സിറ്റി എക്സ്പ്രസ്, സില്‍ചാര്‍-ഗുവാഹത്തി, സില്‍ചാര്‍-തീന്‍സുകിയ പാസഞ്ചര്‍ ട്രയിനുകള്‍ എന്നിവയും അടുത്തതായി ഫ്ലാഗ്-ഓഫ് ചെയ്യുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. അധികം താമസിയാതെതന്നെ സില്‍ചാറില്‍ നിന്നും മുംബൈ, ചെന്നൈ എന്നിവടങ്ങളിലേക്കും നേരിട്ട് ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Post Your Comments


Back to top button