പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്രമുറ്റം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. പഴയ കേരളത്തിലെ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് ഇത്. ഇവിടുത്തെ പ്രധാന മൂര്‍ത്തി പാര്‍ത്ഥസാരഥിയാണ്. മഹാഭാരതയുദ്ധ കാലത്ത് പാര്‍ത്ഥസാരഥിയായിരിക്കെ അര്‍ജുനന് കാണിച്ച് കൊടുത്ത വിശ്വരൂപ സങ്കൽപ്പമാണ് ഇവിടെ. അര്‍ജുനന്‍ ആണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയത്. വട്ട ശ്രീകോവിലാണ് കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തിൽ, ആറടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇത് നീലാഞ്ജനമോ കടുശര്‍ക്കരയോ എന്ന് വ്യക്തമല്ല. അഞ്ച് നേരം പൂജയുണ്ട് . ഇതില്‍ ഉച്ചപൂജയാണ് പ്രധാനം. പമ്പാനദിയുടെ തെക്കേക്കരയില്‍ മണ്ണിട്ട് പൊക്കി പണി തീര്‍ത്ത ക്ഷേത്രത്തിലേക്ക് നദിയില്‍ നിന്നും അമ്പത്താറു പടികള്‍ ആണ് ഉള്ളത്. കീഴ്ഭാഗത്ത് പതിനേഴു പടികളും ഉണ്ട് (പതിനെട്ടു പടികള്‍ ആയിരുന്നു. ഒരെണ്ണം മണ്ണുകൊണ്ട് മൂടിപോയി).
നിലക്കൽ നാരായണപുരത്തായിരുന്നു ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം. അവിടെ ക്ഷയിച്ചപ്പോൾ ആറു മുളകൾ കൂട്ടികെട്ടി വിഗ്രഹം ഇവിടെ കൊണ്ടുവന്നു പ്രതിഷ്ടിച്ചു എന്നാണ് ഐതിഹ്യം. ചിങ്ങത്തിലെ ഉത്രട്ടാതി പ്രതിഷ്ഠാദിനമായി ഇവിടെ ആഘോഷിക്കുന്നു. അന്നാണ് പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി. കുട്ടികള്‍ ശേഖരിക്കുന്ന അടക്കാ മരത്തിന്റെ ഉണങ്ങിയ ഓലകള്‍ പള്ളിവേട്ട ആലിന്റെ അടുത്ത് കവുങ്ങ് തടിയില്‍ കെട്ടി ക്ഷേത്രത്തില്‍ നിന്നും ആഘോഷത്തോടെ കൊണ്ടുവരുന്ന ദീപം കൊണ്ട് കത്തിക്കുന്ന ചടങ്ങാണ് കമ്പക്കെട്ട് . ഇത് ഖാണ്ഡവ ദഹനത്തിന്റെ പ്രതീകമാണ്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പന്‍റെ നടക്കല്‍ വച്ച തങ്ക അങ്കി ഈ ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. കേരളത്തിന്റെ പൈതൃകങ്ങളിൽ ഒന്നാണ് ആറന്മുള ക്ഷേത്രം.
Post Your Comments