പാലക്കാട്: ഫാക്ടറികള്‍ പുറന്തള്ളുന്ന ചായച്ചണ്ടി ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ചായപ്പൊടിയില്‍ നാല് നിരോധിത നിറങ്ങള്‍ ചേര്‍ത്തതായി കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നൂറണി പട്ടാണിത്തെരുവിലെ നിര്‍മ്മാണ കേന്ദ്രത്തില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത സാമ്പിളുകളിലാണ് സിന്തറ്റിക് നിറങ്ങള്‍ കണ്ടെത്തിയത്. സണ്‍സെറ്റ് യെല്ലോ, കാര്‍മോയിസിന്‍, ടാര്‍ട്രസിന്‍, ബ്രില്യന്റ് ബഌ എന്നീ സിന്തറ്റിക് നിറങ്ങളാണ് ഇതില്‍ കണ്ടെത്തിയത്.
ചായപ്പൊടിക്ക് ചുവപ്പ് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ കാരമൈന്‍ എന്ന വസ്തുവും അമിതമായ അളവില്‍ കണ്ടത്തെി. പഞ്ചസാര കരിച്ചുണ്ടാക്കുന്നതാണിത്. സിന്തറ്റിക് നിറം ചേര്‍ത്ത ഭക്ഷ്യവസ്തുകളുടെ ഉപയോഗം കാന്‍സറിന് കാരണമാകും. ഇവ തുടര്‍ച്ചയായി ശരീരത്തിലെത്തിയാല്‍ ലൈംഗിക ശേഷിക്കുറവ്, ലിവര്‍ സിറോസിസ്, നാഡീരോഗങ്ങള്‍ എന്നിവക്ക് സാധ്യതയുണ്ട്. തേയിലയില്‍ ഇവ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇരട്ടി കടുപ്പവും കൂടുതല്‍ ചായയും ലഭിക്കാനാണ് സിന്തറ്റിക് നിറം ചേര്‍ക്കുന്നത്.
പാലക്കാട് കേന്ദ്രീകരിച്ച് നിര്‍മിച്ച വ്യാജ ചായപ്പൊടി തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോക് ചെയ്താണ് വിറ്റഴിച്ചിരുന്നത്. അമൃത, മയൂരി എന്നീ പേരുകളില്‍ വര്‍ണപ്പാക്കറ്റുകളിലാക്കിയായിരുന്നു വിതരണം. പിടിക്കുന്നത് ഒഴിവാക്കാന്‍ പൊതുവിപണി ഒഴിവാക്കി ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും മാത്രമായിരുന്നു വിതരണം. കിലോക്ക് 220 രൂപ വിലയിട്ട് 130 രൂപക്കാണ് ഇവ വിറ്റിരുന്നത്.
50 രൂപയില്‍ താഴെ മാത്രമായിരുന്നു ഉല്‍പാദന ചെലവ്. കൊച്ചിയില്‍നിന്നും തമിഴ്‌നാടില്‍നിന്നുമാണ് തേയിലച്ചണ്ടി എത്തിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വ്യാജ ചായപ്പൊടി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ പാലക്കാട് നൂറണി ‘ജമീല്‍ മന്‍സിലി’ല്‍ മുഹമ്മദ് ഇഖ്ബാലിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Post Your Comments