ന്യൂഡെല്‍ഹി : ഡല്‍ഹി പട്യാലഹൗസ് കോടതി വളപ്പിലെ സംഭവങ്ങളില്‍ സുപ്രീംകോടതി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചംഗ അഭിഭാഷക സമിതിയെ ഇതേകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തി. കബില്‍ സിബല്‍, രാജീവ് ധവാന്‍,എ.ഡി.എന്‍ റാവു, ദുഷ്യന്ത് ദാവെ, ഹിരേണ്‍ റാവത്ത് എന്നിവരാണ് അഭിഭാഷക സംഘത്തിലുള്ളത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ഇന്ന് ഉച്ചയക്ക് രണ്ട് മണിയോടെയാണ് അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്. കോടതിയിലേയ്ക്ക് കൊണ്ട് വന്ന കനയ്യ കുമാറിനെ ഒരു വിഭാഗം അഭിഭാഷകര്‍ നിലത്തിട്ട് ചവിട്ടി. ഇത് ചിത്രീകരിയ്ക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരാവാന്‍ എത്തിയ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞ് മര്‍ദിച്ചു. കോടതിക്ക് മുന്നില്‍ എത്തിയ ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും അടക്കമുള്ളവര്‍ക്ക് നേരെയും അഭിഭാഷക സംഘം മര്‍ദ്ദനം അഴിച്ചുവിട്ടു.
കനയ്യകുമാറിനെ ഹാജരാക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ കനത്ത സുരക്ഷ ഒരുക്കണമെന്ന് പട്യാല ഹൗസ് കോടതിയ്ക്ക് സുപ്രീംകോടതി നിരര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസുകാരെ കാഴ്ച്ചക്കാരാക്കി നിര്‍ത്തികൊണ്ടാണ് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. കോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനയ്യ കുമാറിന്റെ കസ്റ്റഡി കാലാവധി മാര്‍ച്ച് രണ്ട് വരെ നീട്ടി. കോടതിയില്‍ ആക്രമിക്കപ്പെട്ട കനയ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാനടപടികളും കൈക്കൊള്ളണമെന്നും ഡല്‍ഹി പൊലീസിനോട് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പട്യാല ഹൗസ് കോടതിയില്‍ അഴിഞ്ഞാട്ടം നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്
Post Your Comments