News Story

പാമ്പാടി രാജനും ആനയുടെ ഉയരത്തര്‍ക്കവും

അജിത്ത് പരമേശ്വരന്‍

പൂരക്കാലം ചൂടുപിടിച്ചതോടെ പതിവ് ആനത്തര്‍ക്കങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ആനകളുടെ ഏക്കത്തിന്റെയും ഉയരത്തിന്റെയും കാര്യത്തില്‍ സ്ഥിരമായി തര്‍ക്കങ്ങള്‍ പതിവാണ്. വാഗ്വാദങ്ങള്‍ മുതല്‍ അടിപിടിയിലും കേസുകളിലും കോടതിയിലും വരെ എത്താറുണ്ട് പലതും.

കോടികളുടെ ബിസിനസ്സാണ് ഓരോ വര്‍ഷവും ആനകളെ ചുറ്റിപ്പറ്റി നടക്കുന്നത്. ഏജന്റുമാര്‍ കോടികള്‍ക്ക് ആനമുതലാളിമാരില്‍ നിന്നും കരാര്‍ എടുത്ത് ആനകളെ വച്ച് ഉത്സവങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തുവരുന്നത്. മധ്യകേരളത്തില്‍ , പ്രത്യേകിച്ച് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതലായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഒരു ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകള്‍ കഴിഞ്ഞു ഒരു നിമിഷം പോലും വിശ്രമം കൊടുക്കാതെ അടുത്ത ഉത്സവപ്പറമ്പുകളിലേക്ക് ആനയെ അയച്ചു പരമാവധി കാശുണ്ടാക്കുകയാണ് ഈ കരാര്‍ എടുത്തിട്ടുള്ള ഏജന്റുമാര്‍.

ഭൂരിഭാഗം ക്ഷേത്രങ്ങളിലും തിടമ്പ് ഏറ്റുന്നത് ഏറ്റവും ഉയരമുള്ള ആനയാണ്. മിക്ക ദിവസങ്ങളിലും ഒന്നിലധികം പൂരങ്ങള്‍ നടക്കുന്നുണ്ട് . അതുകൊണ്ട് തന്നെ ഉത്സവത്തിന്‌ ലഭ്യമായ ഏറ്റവും ഉയരം കൂടിയ ആനയെ ബുക്ക് ചെയ്യാന്‍ കമ്മറ്റിക്കാര്‍ തമ്മില്‍ മത്സരമാണ്. അതവരുടെ പ്രസ്റ്റീജിന്റെ കൂടി വിഷയമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പല ആനകള്‍ക്കും വിവിധ ഉത്സവങ്ങള്‍ക്ക് റെക്കോഡ് തുക ലഭിക്കുന്നത് പലപ്പോഴും വലിയ വാര്‍ത്തയാകാറുണ്ട്. കേരളത്തിലെ ആനപ്രേമികളെല്ലാം തന്നെ ഇത്തരം വിഷയങ്ങളെ വൈകാരികമായി സമീപിക്കാറുമുണ്ട്.

ആനകളുടെ ഉയരം ഒരു വിഷയമായതോട് കൂടി തങ്ങളുടെ ആനക്ക് തിടമ്പ് കിട്ടാന്‍ വേണ്ടി കള്ളക്കളി നടത്താനും ചില ആനമുടമകള്‍ തയ്യാറായതാണ് ഏറ്റവും പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ചില ക്ഷേത്രങ്ങളിലെ ഉത്സവത്തിന്‌ കേന്ദ്രകമ്മറ്റിക്കാര്‍ തന്നെ പൂരദിവസം നേരിട്ട് അളവെടുത്ത് തിടമ്പ് വഹിക്കേണ്ട ആനയെ കണ്ടെത്തുമ്പോള്‍ മറ്റു ചില ക്ഷേത്രങ്ങളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് നേരിട്ട് അളവെടുത്ത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നാണ് ആനയുടെ ഉയരം എടുക്കുന്നതും തിടമ്പ് നിശ്ചയിക്കുന്നതും. 2012 ലാണ് ഏറ്റവും അവസാനമായി ആനകളുടെ ഉയരം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് അളന്ന് തിട്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിച്ച് വരുന്നതും ഇതേ അളവുകളാണ്. ഈ അളവില്‍ ആണ് മുതലാളിമാരും ആന ഏജന്റുമാരും അധികവരുമാനത്തിന് വേണ്ടി കൃത്രിമം കാണിക്കുന്നത്. ഇതിന് ഉദ്യോഗസ്ഥരുടെ രഹസ്യമായ പിന്തുണ ഉണ്ടെന്നതിനു സര്‍ക്കാര്‍ വെബ്സൈറ്റ് തന്നെ സാക്ഷ്യം പറയുന്നു.

കേരളത്തിലെ ഏറ്റവും മാര്‍ക്കറ്റ് ഉള്ള ആനകളില്‍ ഒന്നായ പാമ്പാടി രാജന്‍ എന്ന ആനയാണ് ഏറ്റവും പുതിയ തര്‍ക്കത്തില്‍ പെട്ടിരിക്കുന്നത്. എലിഫന്റ് നെയിം KER-05-05 ഉം മൈക്രോചിപ്പ് നമ്പര്‍ 00065D8487 ഉം ആയി രജിസ്റ്റര്‍ ചെയ്ത പാമ്പാടി രാജന്റെ ഉയരം 2012 ലെ ഉയരം 308 സെന്റീമീറ്റര്‍ ആണ്. ഇനി അടുത്ത അളവ് നിര്‍ണ്ണയം വരുന്നത് 2017 ല്‍ ആണ്. അങ്ങനെയിരിക്കെ ഇതിനിടയില്‍ പാമ്പാടി രാജന്റെ അളവ് മാത്രമായി ഫോറസ്റ്റ് അധികൃതരുടെ ഒത്താശയോടെ തിരുത്തി വെബ്സൈറ്റില്‍ കയറ്റിയിരിക്കുകയാണ്. തിരുത്തിയ ഉയരപ്രകാരം പാമ്പാടി രാജന്റെ യരം 314.20 സെന്റീമീറ്ററാണ്. ഇതാകട്ടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഉയരത്തേക്കാള്‍ 20 മില്ലീമീറ്റര്‍ കൂടുതല്‍. സാമാന്യബോധമുള്ളവര്‍ പോലും അംഗീകരിക്കാത്ത ഈ കൃത്രിമം നടന്നതില്‍ കേരളത്തിലെ ആനപ്രേമികള്‍ അരിശത്തിലാണ്.

പാമ്പാടി രാജന്റെ പേരില്‍ കൃത്രിമം നടന്നു എന്നതിന് വിവരാവകാശരേഖ തന്നെ തെളിവാണ്. സാധാരണയായി ആനകളുടെ ഉയരം അളക്കുന്നതിനു സര്‍ക്കാരിന് പ്രത്യേക സ്കെയില്‍ ഉണ്ട്. എന്നാല്‍ ഈ ആനയുടെ കാര്യത്തില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ല. സാധാരണ മെഷര്‍മെന്റ് ടേപ്പ് വച്ചാണ് ഈ അളവ് നടന്നത്. മാത്രമല്ല നിയപ്രകാരം വെറ്ററിനറി ഡോക്റ്ററുടെ മേല്‍നോട്ടത്തില്‍ മാത്രമേ അളവ് പാടുകയുള്ളൂ. എന്നാല്‍ ഇവിടെ അതും നടന്നിട്ടില്ല. എന്നാല്‍ കൊമ്പിന്റെ അളവുകള്‍ , മദപ്പാടിന്റെ വിവരങ്ങള്‍ ഒന്നിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. ആനയുടെ ഉയരത്തില്‍ മാത്രം വരുത്തിയ ഈ വ്യത്യാസം ഉത്സവങ്ങളും മറ്റു ആനകളുടെ ഉയരവും തിടമ്പുകളും മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തം.

ഈ മാറ്റം വരുത്തിയ ഉയരം കാണിച്ചു പല ഉത്സവ കമ്മറ്റിക്കാര്‍ക്കും അബദ്ധം പറ്റുകയും വന്‍തുകകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ഉയരം വച്ച് തിടമ്പ് കിട്ടുമെന്ന് കരുതി പാമ്പാടി രാജനെ ബുക്ക് ചെയ്തു ആ സ്ഥാനം കിട്ടാതെ വലിയ തുക നഷ്ടമായ പല കമ്മറ്റിക്കാരും ഉത്സവ പറമ്പുകളില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. പാമ്പാടി രാജനെ ബുക്ക് ചെയ്ത നടുമുറി ദേശക്കാരും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ബുക്ക് ചെയ്ത വടക്കുംമുറി ദേശക്കാരും തമ്മില്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ശനിയാഴ്ചയാണ് പൂയമഹോല്‍സവം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ പോലും നിലനില്‍ക്കുന്നുണ്ട്.

പരിപാവനമായ ഉത്സവച്ചടങ്ങുകളില്‍ കേവലലാഭത്തിന് വേണ്ടി ആനയുടെ ഉയരത്തില്‍ അധികൃതരുടെ ഒത്താശയോടെ കൃത്രിമം നടത്തിയതില്‍ രോഷത്തിലാണ് ആനപ്രേമികള്‍. അതും തിടമ്പ് ലഭിക്കും എന്ന് കരുതി ആനയെ ബുക്ക് ചെയ്ത പലരും ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button