ന്യൂഡല്‍ഹി : റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂര്‍ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 11 മണിക്ക് യൂണിവേഴ്‌സിറ്റിയുടെ നാലാം നിലയിലെ ഡോര്‍മെറ്ററിയിലാണ് തീപിടിത്തമുണ്ടായതെന്ന് റഷ്യന്‍ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മോസ്‌കോയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ചൊവ്വാഴ്ച മുംബൈയിലേക്ക് കൊണ്ടുവരും.
പൂജ നവി മുംബൈ സ്വദേശിയും കരിഷ്മ പൂണെയിലെ സഹകാര്‍ നഗര്‍ സ്വദേശിയുമാണ്. തീപിടിത്തമുണ്ടായ റഷ്യയിലെ സ്‌മോലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. ആറു നില കെട്ടിടത്തിലെ നാലാം നിലയിലെ ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ചാണ് ഇരുവരും താമസിച്ചിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം രേഖപ്പെടുത്തുന്നതായും സുഷമ സ്വരാജ് അറിയിച്ചു.
Post Your Comments