അബുദാബി: ഐ.എസുമായി ചേര്‍ന്ന് അട്ടിമറി ആസൂത്രണം ചെയ്ത കേസില്‍ ഫെഡറല്‍ സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം നാലുപേര്‍ക്കു വധശിക്ഷ വിധിച്ചു. മൂന്നുപേര്‍ക്കു പത്തുവര്‍ഷത്തെയും രണ്ടുപേര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒരാള്‍ക്കു മൂന്നുവര്‍ഷത്തെയും തടവുശിക്ഷ വിധിച്ചു. ഒരാളെ വിട്ടയച്ചു.
അബ്ദുല്‍ അസീസ് സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ നജ്ജാര്‍ (25), മുആസ് അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍ ഹാരിതി (22), സഊദ് അബ്ദുല്‍ അസീസ് അവാദ് അല്‍ മിന്‍ഹാലി (18), അഹ്മദ് അലി സെയ്ഫ് അല്‍ നഖ്ബി (29) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു ജഡ്ജി മുഹമ്മദ് അല്‍ ജരാഹ് അല്‍ തുനൈജി ശിക്ഷ വിധിച്ചത്. പ്രതികളില്‍ സ്വദേശികളും ഇതര അറബ് രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്. ഒരു അറബ് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ കയറി ഭീകരപ്രവര്‍ത്തനം നടത്തിയതായാണു കേസ്. പ്രതികള്‍ ഐഎസ് ആശയപ്രചാരണത്തിനു വെബ്‌സൈറ്റ് തുടങ്ങുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി. വെബ്‌സൈറ്റ് പ്രവര്‍ത്തനം നിര്‍ത്തലാക്കാനും പിടിയിലാവരെ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. യെമനിലെ ഹൂതി സായുധവിഭാഗത്തിനു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എത്തിച്ചുകൊടുത്ത ആറ് അറബ് വംശജര്‍ക്കെതിരെയും നടപടിയുണ്ടാകും.
മൂന്നുപേരെ പത്തുവര്‍ഷത്തെ തടവുശിക്ഷയ്ക്കുശേഷം നാടുകടത്തും. പ്രതികളിലൊരാളുടെ ഉടമസ്ഥതയില്‍ യു.എ.ഇ. യിലുള്ള കമ്പനിയില്‍ നിന്നു പത്തുലക്ഷം ദിര്‍ഹം പിഴ ഈടാക്കും. കമ്പനിയുടെ കേന്ദ്ര ഓഫീസ് അടച്ചുപൂട്ടുകയും സ്വത്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്യും.
Post Your Comments