ChilambuWriters' Corner

പ്രണയവും മൌനവും ഇഴ നേർത്ത നൂലിൽ തനിച്ചിരിക്കുന്നു

ഗൌരിലക്ഷ്മി

മൌനത്തിന്‍റെ മനോഹാരിത അറിയണമെങ്കില്‍ നിങ്ങൾ എപ്പൊഴും വാചാലതയിലായിരിക്കണം. അർത്ഥരഹിതങ്ങളായ ശബ്ദങ്ങൾക്കുള്ളിൽ നിന്ന് മൌനത്തെ വേർതിരിച്ചെടുക്കാൻ കഴിയും. അതായത് വാചാലതയ്ക്കുള്ളിൽ നിന്നു കൊണ്ട് മൌനത്തെ തിരിച്ചറിയാൻ കഴിയുമെന്നു തന്നെ.

ഇരുണ്ട ഗുഹയിൽ ശിഷ്യനും ഗുരുവും മൌനത്തിലാണ്… പരസ്പരം അറിവുകളുടെ ലക്ഷോപലക്ഷം അക്ഷരങ്ങൾ അവർ മന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു. തൂലിക കൊണ്ട് എഴുതിയതിലുമേറെ ശിഷ്യൻ ആത്മാവിലെ അറയിൽ മൌനം കൊണ്ട് കോറിയിട്ടു. പിന്നെ അതേ നിശബ്ദതയോടെ ഗുഹ വിട്ടുപോയി.

അവന്‍ ഒരിക്കലും അവളോട് “എനിക്ക് നിന്നോട് പ്രണയമാണ്” എന്ന് പറഞ്ഞില്ല.
“നിനക്കെന്താ എന്നോട് തോന്നുന്നത്” അവൾ അങ്ങനെ ചോദിക്കുമ്പോഴൊക്കെ
“എനിക്കറിയില്ല…” എന്ന പതിവു വാക്കുകൾ . അർത്ഥരഹിതമായ ആ വാക്കുകളിലാണ്, അവന്‍റെ പ്രണയത്തെ അവളറിഞ്ഞത്. എത്രമാത്രം ദൂരത്തിരുന്നും പരസ്പരം പങ്കിടുന്ന പൂങ്കാവനം അവർ നെയ്തതും മൌനത്തിലൂടെ.

പ്രണയത്തിനും ധ്യാനത്തിനും മൌനം പ്രധാനപ്പെട്ടതാകുമ്പോൾ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു തന്നെ നിശബ്ദതയിലാണെന്ന് ഓർക്കേണ്ടി വരുന്നില്ലേ?
നിശബ്ദതയിൽ നിന്നേ ലോകമുണ്ടാകൂ. അതിൽ നിന്ന് ഉയിരു പൊട്ടിയുയർന്ന ഒരു ശബ്ദത്തിനേ ലോകത്തെ നിയന്ത്രിക്കാൻ കഴിയൂ.
ആ മൌനത്തെ അറിയുക. ശബ്ദങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് നിശബ്ദതയെ തിരിച്ചറിയുക. അതിലൂടെ നിങ്ങൾ ഏകാകിയായേക്കാം പക്ഷേ യോഗിയുമയേക്കാം, അല്ലെങ്കിൽ പ്രണയിനിയെങ്കിലുമായേക്കാം. പിന്നെന്തിന്, മടിച്ചു നില്‍ക്കുന്നു…
ഇറങ്ങി വരൂ.. മൌനത്തിന്‍റെ ഈ കളിത്തൊട്ടിലിൽ നമുക്ക് കെട്ടിപ്പുണരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button