India

സിയാച്ചിനില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ലേയില്‍ എത്തിച്ചു

ശ്രീനഗര്‍: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ഒന്‍പത് സൈനികരുടെയും മൃതദേഹങ്ങള്‍ സൈന്യം ലേയില്‍ എത്തിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ ലേയിലെ സൈനിക താവളത്തിലേക്കെത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിച്ചതിനു ശേഷം സൈനികരുടെ സ്വദേശങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകും.

ഫെബ്രുവരി ഒന്‍പതിനു തന്നെ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ സിയാച്ചിനിലെ 19,000 അടി ഉയരെയുള്ള കാസിരംഗ സൈനിക താവളത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ സിയാച്ചിന്‍ ബ്രിഗേഡിന്റെ ആസ്ഥാനമായ ലേയിലെ പര്‍താപൂരിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹങ്ങള്‍ ഇവിടെ എംബാം ചെയ്തതിനു ശേഷം ഔദ്യോഗിക ബഹുമതികള്‍ നല്‍കി വായുസേനയുടെ പ്രത്യേക വിമാനത്തിലാകും ഡല്‍ഹിയിലേക്ക് കൊണ്ടുപോകുക.

കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് അടക്കമുള്ള പത്ത് സൈനികര്‍ ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനില്‍ ഹിമപാതത്തില്‍ അകപ്പെട്ടത്. സൈനിക പോസ്റ്റില്‍ പതിച്ച മഞ്ഞുകട്ടകള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു ഹിമപാതം. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനുമന്തപ്പയെ ആറു ദിവസങ്ങള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തിയെങ്കിലും അദ്ദേഹവും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button