അഞ്ജു പ്രഭീഷ്
സർഗാത്മക സൗന്ദര്യം കവിഞ്ഞൊഴുകിയ കാവ്യഭൂമിയിലൂടെ അനുവാചകരെ ആനന്ദിപ്പിച്ച ഒരു കവി ഇന്നലെ വരെ നമുക്കൊപ്പം ഉണ്ടായിരുന്നു.അക്ഷരങ്ങൾ കൊണ്ട് ആരെയും ഭാവഗായകനാക്കിയിരുന്ന ആ ആത്മചൈതന്യം കാലത്തിന്റെ തിരശീലയ്ക്കുള്ളിൽ മറഞ്ഞുപോയെങ്കിലും അദ്ദേഹത്തിന്റെ വരികൾക്ക് എന്നും അമരത്വം ..അവയെന്നും നമ്മുടെ ആത്മാവിൽ മുട്ടിവിളിച്ചുകൊണ്ടിരിക്കും, ആ അക്ഷരങ്ങൾ എന്നും നമ്മുടെ ഹൃദയത്തെ സ്നേഹാതുരമായി തൊട്ടുരിയാടിക്കൊണ്ടിരിക്കും..ഒരു ദലം മാത്രം വിടർന്നിരുന്ന മലയാളചലച്ചിത്രഗാനശാഖയെന്ന ചെമ്പനീർ മുകുളത്തെ വിടർന്നുപരിലസിക്കുന്ന പരിമളംവിടരുന്ന മനോഹരമായ പൂവാക്കിമാറ്റിയത് ഈ വിവര്യനായിരുന്നു..
ആദിയുഷസന്ധ്യപൂത്തതിവിടെയെന്നു പാടിയ കവിക്ക് ഈ മണ്ണിനോട് എന്നും പ്രണയമായിരുന്നു.,നഗരത്തിന്റെ തിരക്കുകളിൽ കൂടൊരുക്കേണ്ടി വന്നപ്പോൾ പിറന്ന മണ്ണിനെയും ,ഗ്രാമത്തെയും വല്ലാതെയാഗ്രഹിച്ചു പോയിരുന്നു അദ്ദേഹം .ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്തു എത്താൻ കവി ആഗ്രഹിച്ചപ്പോൾ , തങ്ങളുടെ മനസ്സിന്റെ ചെപ്പിൽ ഒളിപ്പിച്ചു വച്ച പഴയോർമ്മകളെ തൊട്ടുണർത്തിയത് ഓരോ മലയാളിയുമായിരുന്നു . എത്ര ഗ്രഹാതുരത്വമാർന്ന വരികളായിരുന്നവ..തൊടിയിലെ കിണർവെള്ളത്തിന്റെ മാധുര്യമോർത്തും,നെല്ലിമരമുലർത്തി,അതിലെ നെല്ലിക്കയുടെ മധുരവും ചവർപ്പും അയവിറക്കിയും ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയ പ്രവാസികൾ ..ഭാവ തീവ്രമായ വരികളിലൂടെ വലിയ ദുരന്തങ്ങളുടെ ,ആകുലതകളുടെ, സ്വപ്നങ്ങളുടെ തീരത്തിലൂടെ ഉയിർത്തു പാട്ടുപാടിയാൾ ഇന്ന് വിടവാങ്ങുമ്പോൾ , ആ സാമിപ്യം അരികെയുണ്ടായിരുന്നെങ്കിലെന്നു ഒരു മാത്ര വെറുതെ നിനയ്ക്കാത്ത മലയാളികളുണ്ടാവുമോ?പ്രകൃതിയുടെ ഓരോ ആത്മരോദനവും കവിയിൽ കവിതയായി പെയ്തിറങ്ങിയപ്പോൾ , കവിതയിലൂടെ നാം പ്രകൃതിയുടെ കവചമായി മാറണമെന്ന ഓർമ്മപ്പെടുത്തലുമായി, ഭൂമിയ്ക്കൊരു ചരമഗീതം കുറിച്ചപ്പോൾ ഈ ഭൂമിയെ വല്ലാതെ സ്നേഹിച്ചുപോയില്ലേ നമ്മൾ .ഇനിയും .രാത്രി മഴ പെയ്തു തോരുന്ന നേരങ്ങളുണ്ടാവും, ,കുളിർ കാറ്റിലിലച്ചാർത്തുലയുന്ന നിമിഷങ്ങളുണ്ടാവും.പക്ഷേ അങ്ങ് മാത്രം ഞങ്ങൾക്കരികിൽ ഉണ്ടാകില്ലല്ലോ.? എന്നിരുന്നാലും ഈ ഭൂമിയുടെ ഇടനാഴിയിൽ അങ്ങ് വാരിയെറിഞ്ഞ അക്ഷരമുത്തുക്കൾ എന്നും ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരിക്കും കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം തോളുരുമ്മി നിന്ന്, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അരുണാഭമായ ഒരു കാലഘട്ടത്തിൽ ഉയർന്നുവന്ന ആവേശഭരിതമായ തരുണസ്വരങ്ങളിലൊന്നായി മലയാളകവിതയിലേയ്ക്ക് പ്രവേശിച്ച പ്രിയകവി,കാവ്യകൈരളിയുടെ തിരുമുറ്റത്ത് വിരിയിച്ച മാമ്പൂക്കളിൽ നിന്നും മലയാളികളെ മധുരമുട്ടി…ഒരിളം കാറ്റ് തഴുകുന്നത് പോലെ എത്ര ഹൃദ്യമായിരുന്നു ഓരോ വരികളും…അഭ്രപാളികളിലെ കഥയ്ക്കിടയിലെ കവിതകളായിരുന്നു ഓ.എൻ .വിയുടെ ഓരോ ഗാനവും .അദ്ദേഹം കോറിയിട്ട ഓരോ വരികളെയും കൈകുടന്നയിലേക്ക് തിരുമധുരമെന്ന പോലെ നമ്മൾ ചേർത്തുവച്ചു.ആത്മാവിനോട് ചേർന്ന് നില്‍ക്കുന്ന കാച്ചിക്കുറുക്കിയ സുന്ദരമായ പദങ്ങൾ ഒരു ധാരപോലെ നമ്മിലേക്ക് പ്രവേശിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ഗായകരായി ..എത്രകേട്ടാലും പിന്നെയും പിന്നെയും മനസിലേക്ക് ഓടിയെത്തുന്ന കുറെയേറെ അക്ഷരമാല്യങ്ങൾ ഞങ്ങൾക്കായി സമ്മാനിച്ചിട്ട് പൊടുന്നനവേ യാത്ര പറയാതെ പടിയിറങ്ങിപോയ പ്രിയ കവേ, അങ്ങ് യാത്രാകുമ്പോൾ ,കണ്ണുനീർ തൂകി പ്രകൃതിയും കേഴുന്നു..ഭൂമിക്കു ചരമഗീതമെഴുതിയ അങ്ങയ്ക്കായി ഇന്ന് ഭൂമിയും പ്രകൃതിയും എഴുതുന്നു വിലാപകാവ്യം..പറയാതെയങ്ങ്,പോയതിൽ കേഴുന്നു ഭൂമിയും പിന്നെ ഞങ്ങളും…
“ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി”
Post Your Comments