കേസുകളിൽ പിടികൂടുന്ന പ്രതി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി സ്വയം അപകടമുണ്ടാക്കിയോ ഡോക്ടറെ പറഞ്ഞു പാട്ടിലാക്കിയോ ആശുപത്രികളിൽ അട്മിറ്റാകുന്നു. സിനിമകളിൽ നാം കാണുന്ന ക്ലീഷേ സീനുകൾക്കപ്പുറം നാളുകലേറെ ആയി നാം കാണുന്ന രാഷ്ട്രീയ കേസുകൾക്കും ഇതിൽ കാര്യമുണ്ട്. മറ്റൊന്നിലേയ്ക്കും പോകണ്ട, ഇന്നലെ സി ബി ഐ അറസ്റ്റു ചെയ്ത സി പി എം നേതാവ് പി ജയരാജനെ ഹൃദ്രോഗം ആണെന്ന മൊഴിയുടെ പേരിൽ നേരെ കൊണ്ട് പോയത് മറ്റൊരിടത്തെയ്ക്കും അല്ല ആശുപത്രിയിലെയ്ക്കായിരുന്നു. പലപ്പോഴും സിനിമകളിലും മറ്റും സമൂഹം കണ്ടു മടുത്ത ഈ അഭിനയം യഥാർത്ഥ രാഷ്ട്രീയത്തിലും കാണേണ്ടി വരുമ്പോൾ സമൂഹത്തിനു ഉണ്ടാകുന്ന സഹതാപം ആരോടാണ് പ്രകടമാക്കേണ്ടത്?
ജയരാജന് ഹൃദയ രോഗം ഇല്ലെന്നും ഹോസ്പിറ്റലിൽ കിടത്തെണ്ടതായ അസുഖങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞുവെന്നു സി ബി ഐ രേഖപ്പെടുത്തുമ്പോൾ ഇത്തരത്തിൽ ഇതിനു മുന്പും കേസുകളിൽ കുടുങ്ങി ജയിലുകളിൽ ആകാതെ ആശുപത്രികളെ അഭയം പ്രാപിച്ച എത്രയോ നേതാക്കളെയും ഗുണ്ടകളെയും ഓർമ്മിക്കാതെ വയ്യ. മെഡിക്കൽ കോളജിലെ ഡോക്ടർ അഷ്‌റഫിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയിട്ടുമുണ്ട്. ജയരാജനെ മനപൂർവ്വം ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കാൻ ആരോ ശ്രമിച്ചെന്ന് സി ബി ഐയ്ക്ക് സംശയം ഉണ്ടായെങ്കിൽ അതിൽ സംശയിക്കാൻ ഒന്നുമില്ല. ജയിൽ ഡോക്ടർമാരാണ് ജയരാജനെ ഏറ്റവും അടുത്തുള്ള മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചത്. ഹൃദയ സംബന്ധമായ അസുഖമായിരുന്നു കാരണമായി പറഞ്ഞത്. എന്നാൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴി വ്യത്യസ്തമാകുമ്പോൾ വീണ്ടും വീണ്ടും ആരാണ് വിഡ്ഢികൾ ആയിക്കൊണ്ടിരിക്കുന്നത് എന്നത് ചിന്തനീയമാണ്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല നേതാക്കന്മാരുടെയും ഗുണ്ടകളുടെയും പ്രതികളാക്കപ്പെട്ടവരുടെ ആശുപത്രി വാസം. ജയിലുകളിലെ സൗകര്യക്കുറവോ നാണക്കേടോ ഒക്കെയാവാം ആശുപത്രികളെ അഭയം പ്രാപിയ്ക്കാൻ ഇവരെ തോന്നിപ്പിയ്ക്കുന്നത്. ജയിൽ ടോക്ടര്മാരുടെയോ ഒരുപക്ഷെ ഹോസ്പിടൽ അധികൃതരുടെയോ ഒക്കെ കൈകടത്തൽ പലപ്പോഴും ഇത്തരം പ്രതികളുടെ ആശുപത്രി വാസത്തിൽ ഉണ്ടാവുകയും ചെയ്യാറുണ്ട്. പ്രതികളായി അവരോധിയ്ക്കപ്പെട്ടവരുടെ ആരോഗ്യം വളരെ പ്രധാനം ആയതിനാൽ തന്നെ ഓരോ ചെറിയ കാരണത്താൽ പോലും ഇവർക്ക് ആശുപത്രി വാസം അനായാസമായി ലഭിക്കപ്പെടാവുന്നതുമാണ്. സർക്കാർ ചിലവിൽ ആശുപത്രി വാസം എന്താ അത്ര മോശം കാര്യം അല്ലല്ലോ. എന്നാൽ ഇതൊക്കെ കാണുന്ന സാധാരണക്കാരൻ , അവന്റെ മനസ്സില് ഇത്തരക്കാരോടുള്ളത് വെറും പച്ചയായ സഹതാപം മാത്രമാണ് എന്നതാണ് സത്യം. അല്ലെങ്കിലും സാധാരണക്കാരന്റെ സഹതാപത്തിന് എന്ത് വില !
Post Your Comments