ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവര്‍ക്കുള്ള ധനസഹായം 10ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഇരകള്‍ക്ക് സംസ്ഥാനങ്ങള്‍ വ്യത്യസ്ത തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
ഏകീകൃതമായ തുക നഷ്ടപരിഹാരമായി നല്‍കുന്നതിന് വേണ്ടി നിയമങ്ങള്‍ രൂപികരിക്കാനാണ് സംസ്ഥാനങ്ങളോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഒഡിഷയില്‍ 10,000 ഗോവയില്‍ 10 ലക്ഷം എന്നിങ്ങനെയാണ് പരമാവധി നഷ്ടപരിഹാരം നല്‍കിവരുന്നത്.
ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ സെക്ഷന്‍ 357എ പ്രകാരം നിലവില്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമങ്ങള്‍ രൂപീകരിച്ചിട്ടില്ലാത്തത്.
ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ക്ക് പുനരധിവാസ പാക്കേജുകള്‍ നല്‍ക്കണമെന്നും, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ പ്രായപൂര്‍ത്തിയാകാത്തവരെയും അംഗവൈകല്യമുള്ളവരെയും മാനസീകാഘാതത്തില്‍ നിന്ന് മുക്തമാക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് എം.വൈ ഇഖ്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശേിച്ചു. ഗോവയിലേത് പോലെ ഇത് സംബന്ധിച്ചുള്ള ഏകീകൃത നിയമം മറ്റ് സംസ്ഥാനങ്ങളില്‍ രൂപീകരിക്കാനും ബഞ്ച് നിര്‍ദേശിച്ചു.
20 വര്‍ഷം മുന്‍പ് ലൈംഗികാതിക്രമത്തിന് ഇരയായ അംഗ വൈകല്യമുള്ള യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതി സംസ്ഥാനങ്ങളോട് നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്. 37കാരിയായ യുവതി ഇപ്പോള്‍ ഛത്തിസ്ഗഡില്‍ ബന്ധുക്കള്‍ ഉപേക്ഷിച്ച നിലയിലാണ്. 300 രൂപ മാത്രം പ്രതിമാസം ലഭിക്കുന്ന യുവതിയുടെ പെന്‍ഷന്‍ തുക 8000 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു.
Post Your Comments