മരിക്കുന്നതിനു മുൻപ് എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു ആഗ്രഹമുള്ളവരാണോ നിങ്ങൾ എങ്കിൽ ഈ കുറിപ്പ് നിങ്ങൾക്കുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ പുതിയ പദ്ധതി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ജീവിതത്തിൽ ആർക്കെങ്കിലും ഉപകാരം ചെയ്യണമെന്ന തോന്നൽ ഉള്ളവരാണെങ്കിൽ അവർക്കൊക്കെ അദ്ദേഹം നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതിയിൽ കൂടെ ചേരാം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം :
കോഴിക്കോട് ജില്ലയിൽ 32 ലക്ഷത്തിലധികം ആളുകളുണ്ട്. ഇതിൽ ഒരു 7 ലക്ഷം പേർ ചെറിയ കുട്ടികളും തീർത്തും കിടപ്പിലായ മനുഷ്യരും ഒക്കെയാണ്. ബാക്കി നമ്മൾ 25 ലക്ഷം പേർ അത്യാവശ്യം ആരോഗ്യമൊക്കെ ഉള്ള ആളുകളാണ്. ഇതിൽ കുറെപ്പേരെങ്കിലും ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ നല്ല കാര്യം ചെയ്യുന്നതിൽ വിരോധമില്ലാത്തവരാണു. ജീവിതത്തിൽ ആർക്കും ഒരു ഉപകാരവും ചെയ്യില്ല എന്ന് തീരുമാനിച്ച കുറച്ചു പേരൊക്കെ ഉണ്ടാവില്ല എന്നല്ല. പക്ഷെ ഭൂരിഭാഗവും അങ്ങനെയല്ല. മരിക്കുന്നതിനു മുമ്പ് എന്തെകിലുമൊക്കെ ചെയ്യണമെന്നു ആഗ്രഹിക്കുന്നവരാണ്.
എന്തെങ്കിലും ഒക്കെ ചെയ്യും എന്ന് പ്രഖ്യാപിക്കുകയും ഇന്ന് വേണ്ട, നാളെ ചെയ്യാം എന്ന് തീരുമാനിക്കുകയും ചെയ്യുന്ന കക്ഷികളും കുറച്ച് അധികമുണ്ട് എന്ന് മനസ്സിലായിട്ടുണ്ട്. ഇതെല്ലാം കഴിച്ച് ബാക്കി കുറെപ്പേരുണ്ടല്ലൊ, ത്യാഗമായിട്ടൊന്നുമല്ലാതെ കുറച്ച് സമയമൊക്കെ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിച്ചാൽ മനസിന് ഒരു സന്തോഷം തോന്നുന്നവർ. ഈ പോസ്റ്റ് അവരോടാണ്.
ഇപ്പോഴുള്ള ജോലിയും സിനിമയും വായനയും, ഫേസ്ബുക്കും ഒന്നും വിട്ടുകളയാതെ എല്ലാ മാസവും ഒരു അഞ്ചു മണിക്കൂർ വീതം പൊതു കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ തയ്യാറുള്ള ഒരു അമ്പതിനായിരം പേർ അങ്ങിനെ ഒരു ഉറപ്പോടെ മുമ്പോട്ട് വരികയും മാസത്തിൽ പുതുതായി ലഭ്യമാവുന്ന ഈ രണ്ടര ലക്ഷം മണിക്കൂർ സമയം കൃത്യമായി മനുഷ്യ നന്മക്കു ഉപയോഗിക്കാനുള്ള ഒരു സംവിധാനം ഉണ്ടാവുകയും ചെയ്‌താൽ കോഴിക്കോട്ടെ ജനജീവിതം കുറേക്കൂടി മെച്ചപ്പെടാൻ സാധ്യത ഉണ്ട്. മാസത്തിൽ അഞ്ചു മണിക്കൂർ എന്ന് പറഞ്ഞാൽ ദിവസം ശരാശരി 10 മിനിട്ടാണ് എന്ന് ഓർക്കണം! നേരത്തെ നമ്മൾ പറഞ്ഞ ആരോഗ്യമുള്ള 25 ലക്ഷത്തിൽ അമ്പതിനായിരം പേർ എന്നാൽ നൂറിൽ രണ്ടു പേരേ വരൂ. ജീവിതത്തിന്റെ ഭാഗമായി ഇപ്പറഞ്ഞ അല്ലറ ചില്ലറ സാമൂഹ്യ പ്രവർത്തനം ആവാം എന്ന് വിചാരിക്കുന്ന ഇത്രയും ആളുകളെ കിട്ടാൻ കോഴിക്കോട് ജില്ലയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നറിയാം. ലഭ്യമാവുന സമയം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനമാണു പ്രശ്നം. ഇതിനെ പറ്റി കഴിഞ്ഞ ദിവസം ചില സന്നദ്ധ സംഘടനകളുമായി ഒരു ചർച്ച തുടങ്ങി വെച്ചിട്ടുണ്ട്. ചില സാദ്ധ്യതകളൊക്കെ കാണുന്നുണ്ട്.
ഏതായാലും ഇതിനെ പറ്റി ഒന്ന് ആലോചിക്കുക. ഒരു തീരുമാനമൊക്കെ ആയി വരുമ്പോൾ നമുക്ക് വീണ്ടും സംസാരിക്കാം
Post Your Comments