ഐ.എം.ദാസ്
എപ്പോഴെല്ലാം വെളിയില്‍ നിന്നുള്ള ശക്തികളില്‍ നിന്ന്‍ ഇന്ത്യ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം രാജ്യത്തിന്‍റെ ശത്രുപക്ഷത്തിന് പിന്തുണയുമായി സിപിഐഎം രംഗത്തു വന്നിട്ടുണ്ട്. ഇന്തോ-ചൈന യുദ്ധത്തില്‍ ചൈനയുടെ പക്ഷം ചേര്‍ന്നതു തന്നെ ഏറ്റവും വലിയ ഉദാഹരണം.
വൈദേശികമായ കമ്യൂണിസ്റ്റ് മാതൃകകള്‍ തെറ്റാണെന്ന് കാലം തെളിയിച്ചപ്പോഴും, അത്തരം മാതൃകകള്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വീണ് ഇല്ലാതായപ്പോഴും, ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങള്‍ക്കിണങ്ങുന്ന ഒരു മാതൃക സൃഷ്ടിക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇനിയും തയാറായിട്ടില്ല. അവര്‍ ഇപ്പോഴും, മറ്റെവിടെയെങ്കിലും ഉള്ള മാതൃകകള്‍ പകര്‍ത്താനുള്ള അന്വേഷണവുമായി നടക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ നമ്മുടെ ഭാഗ്യത്തിന്, ഇവര്‍ക്കു പകര്‍ത്താനായി അധികമൊന്നും ഇപ്പോള്‍ നിലവിലില്ല.
പക്ഷെ, ഈയിടെയായി ഇന്ത്യയില്‍ തന്നെയുള്ള ദേശവിരുദ്ധ നിലപാടുകാരോട് സിപിഐഎം-ന് ഇഷ്ടം കൂടിവരുന്നതായി കാണാം. ഏറ്റവും ഒടുവില്‍, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ ആരാധകരെ പിന്തുണച്ചുകൊണ്ട് വന്നിരിക്കുന്നത് മറ്റാരുമല്ല, സിപിഐഎം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ്.
ആരെയാണ് യെച്ചൂരി ഇവിടെ പിന്തുണയ്ക്കുന്നതെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. സ്വയം “ആക്റ്റിവിസ്റ്റുകള്‍” എന്ന്‍ വിശേഷിപ്പിക്കുന്ന ഇവര്‍, അഫ്സല്‍ ഗുരുവിനായി ഒരു ഓര്‍മ്മദിവസം സംഘടിപ്പിച്ചു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ എല്ലാവിധ നടപടിക്രമങ്ങള്‍ക്കും ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് വേണ്ടിയാണ് ഇവര്‍ ഓര്‍മ്മദിവസം സംഘടിപ്പിച്ചത്. പക്ഷെ അധികം താമസിയാതെ തന്നെ ‘ഓര്‍മ്മദിവസം’ എന്ന ഇവരുടെ മുഖംമൂടി അഴിഞ്ഞുവീണു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് അവര്‍ ജെഎന്‍യു കാമ്പസില്‍ അഴിഞ്ഞാടി.
തങ്ങളുടെ പ്രതിഷേധപ്രകടനത്തിനിടെ യാതൊരു നാണക്കേടും കൂടാതെ ഇവര്‍ അലറിവിളിച്ച മുദ്രാവാക്യങ്ങളായിരുന്നു, “കാശ്മീരിന് സ്വാതന്ത്ര്യം, കേരളത്തിന് സ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ സിന്ദാബാദ്”, തുടങ്ങിയവ.നമ്മളെ അത്ഭുതചകിതരാക്കുന്ന കാര്യമെന്തെന്നാല്‍ ഈ നാണംകെട്ട ജന്മങ്ങള്‍ ജെഎന്‍യു ക്യാമ്പസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കറങ്ങിനടക്കുന്നത് എല്ലാവിധ ഗവണ്മെന്‍റ് ആനുകൂല്യങ്ങളും വാങ്ങി അനുഭവിച്ച ശേഷമാണെന്നതാണ്, മാസംതോറും 25,000 രൂപ സ്റ്റൈഫന്റും, തുച്ഛമായ ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ. സാധാരണക്കാരായ നികുതിദായകരുടെ അധ്വാനഫലം കൂടിയായ ആനുകൂല്യങ്ങള്‍ യാതൊരുളുപ്പും കൂടാതെ അനുഭവിച്ചുകൊണ്ട് ഈ വിദ്യാര്‍ത്ഥികള്‍ ആ സാധാരണക്കാരുടെ നേരേതന്നെ പടയൊരുക്കത്തിന് കോപ്പുകൂട്ടുന്നു.
ഇവരുടെ നാണംകെട്ട ആശയാവിഷ്കാര പ്രകടനത്തിന് എതിരെ നിയമം അതിന്‍റെ വഴിയെ നീങ്ങുമ്പോഴെല്ലാം യെച്ചൂരിയെപ്പോലുള്ള നേതാക്കള്‍ പിന്തുണയുമായെത്തുന്നത്, ഇത്തരക്കാര്‍ക്ക് ഒരാശ്വാസവും, ഇനിയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകാനുള്ള പ്രോത്സാഹനവുമാണ്.
യെച്ചൂരി, നിങ്ങളെപ്പോലെയുള്ള നേതാക്കന്മാരെയോര്‍ത്ത് രാജ്യം ലജ്ജിക്കുന്നു……
Post Your Comments