Sports

ചിത്രലേഖയുടെ പതിനൊന്ന് വര്‍ഷം നീണ്ട സമരം വിജയം

തിരുവനന്തപുരം: ജീവിക്കാന്‍ വേണ്ടിയുള്ള പതിനൊന്നു വര്‍ഷം നീണ്ട ചിത്രലേഖയുടെ സമരം വിജയം കാണുന്നു. ചിത്രലേഖയ്ക്ക് ഭൂമി അനുവദിച്ചുകൊണ്ട് മന്ത്രി സഭ തീരുമാനമായി. ഈ മാസം ജനുവരിആറിനാണ് ചിത്രലേഖ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് സമരം ആരംഭിച്ചത്. ദളിത് ന്യൂനപക്ഷ സംഘടനകളും നവജനകീയ പ്രസ്ഥാനങ്ങളുടേയും പിന്തുണ ചിത്രലേഖയ്ക്കുണ്ടായിരുന്നു. സി.പി.ഐ.എം ട്രേഡ് യൂണിയനുകാര്‍ സാമൂഹ്യമായി ബഹിഷ്‌കരിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരില്‍ കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടതോടെയാണ് ചിത്രലേഖ സമരരംഗത്തേക്കിറങ്ങുന്നത്. 2005 ല്‍ ഒരു ഓട്ടോ വാങ്ങിയതോടെയാണ് ചിത്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓട്ടോ ഓടിച്ചത്തെിയ ദളിത് യുവതിയെ ‘പുലച്ചിയും ഓട്ടോ ഓടിക്കുകയോ’ എന്ന പരിഹാസവുമായി സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ തടയുകയും ഇവരെ ഓട്ടോ ക്യൂവില്‍ നിന്ന് അകറ്റുകയും ചെയ്തു. അതോടെ ചിത്രലേഖയ്ക്ക് ട്രിപ്പുകള്‍ കിട്ടാതായി. ചിത്രലേഖയ്ക്ക് ഫോണ്‍ മുഖേനെ ട്രിപ്പുകള്‍ കിട്ടാന്‍ തുടങ്ങിയത് അവരെ പ്രകോപിപ്പിച്ചു. ഓട്ടോ തകര്‍ത്തുകൊണ്ടായിരുന്നു അവര്‍ പ്രതികാരം തീര്‍ത്തത്. ഈ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി ഒരാളെ ശിക്ഷിച്ചിരുന്നു. ഓട്ടോ ഇല്ലാതായതോടെ ചിത്രലേഖ പായമെടഞ്ഞ് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍, എതിരാളികള്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ കൊല്ലാന്‍ ശ്രമിച്ചു. അനുജത്തിയുടെ ഭര്‍ത്താവിന് വെട്ടേറ്റു. മൂന്നുതവണ വീടുപൊളിച്ചു. നാലുതവണ ആക്രമിച്ചു. പരാതി നല്‍കിയ ചിത്രലേഖയും ഭര്‍ത്താവും കേസില്‍ പ്രതികളായി. ചിത്രലേഖക്കും ഭര്‍ത്താവിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇതേതുടര്‍ന്ന് ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖക്ക് ഹൈകോടതി ജാമ്യം നല്‍കി. അയല്‍ക്കാരുടെ കാരുണ്യത്തിലായിരുന്നു പിന്നീട് അവരുടെ ജീവിതം.

കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവെപ്പിച്ചു. ഇതിനെ എതിര്‍ത്തതിന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ കേസില്‍ ചിത്രലേഖ ജയിലിലായി. ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി. ചിത്രലേഖ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. തുടര്‍ന്ന് ചിത്രലേഖക്കെതിരെയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പൊലീസ് ഇതിന് എതിരായിരുന്നു. 2014 ഒക്ടോബര്‍ മുതല്‍ ചിത്രലേഖയും കുടുംബവും പരസ്യമായി തന്നെ സമരരംഗത്താണ്. കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. സി.പി.ഐ.എം നടത്തിവരുന്ന ജാതീയ ആക്രമണങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരായും തന്നെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ അന്ന് സമരം നടത്തിവന്നത്. 2015 ജനുവരിയില്‍ സമരം പിന്‍വലിക്കുകയുണ്ടായി. മുഖ്യമന്ത്രി പുനരധിവാസം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് സമരം നിര്‍ത്തിവെച്ചത്. 2014 ഒക്ടോബര്‍ 24ന് ആരംഭിച്ച സമരം 2015 ഫെബ്രുവരിയില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. അന്ന് ചിത്രലേഖയ്ക്കും കുടുംബത്തിനും താമസിക്കാന്‍ സ്ഥലവും വീടുവെയ്ക്കാനുള്ള ധനസഹായവും ഒപ്പം അവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരുന്ന 3 കേസുകളുടെ റദ്ദാക്കലുമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാഗ്ദാനങ്ങളൊക്കെയും കടലാസില്‍ തന്നെ കിടന്നു. ചിത്രലേഖയുടെ ജീവിതം അനിശ്ചിതമായി തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സമരവുമായി ചിത്രലേഖ സെക്രട്ടേറിയേറ്റിനു പടിക്കല്‍ വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button