ജ്യോതിർമയി ശങ്കരൻ
ഓരോ യാത്രയും അനുഭവങ്ങൾക്കൊപ്പം അറിവും പകരുന്നുവെന്ന സത്യം യാത്ര ചെയ്യാൻ നമ്മെ ഉത്സുകരാക്കുന്നു. സത്യത്തിൽ ഓരോ യാത്രയും പുറം കാഴ്ച്ചകളിലൂടെ അനുഭൂതിദായകങ്ങളായി മാറുമ്പോൾ ഉൾക്കാഴ്ച്ചകൾ ഊർജ്ജ സ്രോതസ്സായും മാറുന്നുവെന്ന് ആദ്യമായി മനസ്സിലാക്കാനായത് ഈയിടെ നടത്തിയ ശബരിമല യാത്രയിലൂടെയായിരുന്നു.
ശബരിമലയാത്ര എന്നെസ്സംബന്ധിച്ചിടത്തോളം ഓർക്കാപ്പുറത്തു കിട്ടിയ ഒരു ഭാഗ്യമായിരുന്നു. സത്യം പറയുകയാണെങ്കിൽ മാലയിട്ട നിമിഷം മുതൽ ഈ യാത്ര തുടങ്ങിയെന്നു പറയാം. മലയ്ക്കു പോകുമ്പോൾ പാലിയ്ക്കേണ്ട ആചാരങ്ങൾ തന്നെ നമ്മെ ചിന്തിപ്പിയ്ക്കുന്ന വിധത്തിലുള്ളവയായിരുന്നു. ആദ്യ കെട്ടുനിറ പകർന്ന അനുഭൂതി തന്നെ വിവരണാതീതം .അപ്പോൾപ്പിന്നെ ആ യാത്ര തന്ന അനുഭവപാഠങ്ങളോ?ബാല്യം മുതൽ എന്റെ ചിന്തകളിൽക്കുരുങ്ങിക്കിടന്നിരുന്ന ഒട്ടേറെ ഉത്തരംകിട്ടാചോദ്യങ്ങളുടെ ഉത്തരങ്ങളാണീ യാത്രയ്ക്കൊടുവിൽ പുണ്യമായെന്റെ മുന്നിലെത്തിയത്, പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട്.
ആലോചിയ്ക്കും തോറും അത്ഭുതം കൂടിക്കൊണ്ടുവരുന്ന ഒരു ദേവ സങ്കൽപ്പമാണല്ലോ അയ്യപ്പൻ. 10വയസ്സിനും 50 വയസ്സിനുമിടയിലുള്ള സ്ത്രീകൾ അവിടെ ദർശനത്തിനായെത്തുന്നില്ല, ബ്രഹ്മചാരിയായ അയ്യപ്പന്റെ ഹിതത്തെ മാനിച്ച്. ഇന്നുവരെ ആ ആചാരം തെറ്റിയ്ക്കാൻ ആരും ധൈര്യപ്പെടുന്നില്ല. മുറവിളികൾ ഉയരുന്നുവെങ്കിലും. സ്ത്രീകളെ പ്രവേശിപ്പിയ്ക്കണമെന്നുപറഞ്ഞു ഫയൽ ചെയ്ത കേസിലും വിധി ആചാരലംഘനം നടത്തരുതെന്നു തന്നെ. അവിടെ പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾ തന്നെ കുട്ടിക്കാലം മുതൽ എന്നിൽ വിസ്മയമുണർത്തിയിരുന്നു.നാൽപ്പത്തിയൊന്നു ദിവസങ്ങളിലെ കഠിനവ്രതത്തിൽ അതുവരെയും കാണാത്ത മുഖങ്ങളായി മാറുന്ന ഭക്തർ ശരണം വിളിയോടെ നീങ്ങുമ്പോൾ അറിയാതെ ഉള്ളിലുണർന്നൊഴുകുന്ന ഒരു അനുഭൂതി അന്നേ മനസ്സിലാക്കാനായിരുന്നു. കെട്ടു നിറച്ചു പോകുന്ന ഭക്തർ താളത്തിൽ വിളിയ്ക്കുന്ന “അയ്യപ്പോ….” വിളികൾ അവർ പോയിക്കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞും ഒരു തേങ്ങലായി, വിങ്ങൽ പോലെ ഉള്ളിന്റെയുള്ളിലായി പ്രതിദ്ധ്വനിച്ചിരുന്നതും ഇന്നെന്നപോലെ ഓർക്കുന്നു. അയ്യപ്പസ്വാമിയെ അകലെ നിന്നു മാത്രമേ ഭജിയ്ക്കാനാകൂ എന്നായിരുന്നു അന്നൊക്കെ എന്റെ ഉള്ളിലെ വിചാരം.
മാലയിട്ടതും,ശുദ്ധമായി ദിനവും കുളിച്ചു ഭജിച്ചതും, മുറപോലെ കെട്ടു നിറച്ചതും ഒക്കെ ഏകാഗ്രതയോടെയും തികഞ്ഞ ഭക്തിയോടെയും തന്നെയായിരുന്നു. അറിയാതെ തന്നെ എവിടുന്നോ ഒരു ശക്തി എന്നെ നയിയ്ക്കുംവിധം. പലപ്പോഴും ഉറക്കം കെടുത്തുന്ന ചിന്തകളെ തൂത്തുവാരിയെറിയാനായി. ലക്ഷ്യം തേടുന്ന യാത്രയുടെ തുടക്കമെന്നോണം ഒരു നവോന്മേഷവും എവിടുന്നോ എത്തി.യാത്രയുടെ ഓരോ നിമിഷവും ഹൃദ്യതയേറിയതായി മാറി.മലയുടെ മുകളിലേയ്ക്കുള്ള അതികഠിനമായ വഴി താണ്ടുന്ന നേരത്ത് അയ്യപ്പാ വിളികളിലൂടെ യാത്രയുടെ പ്രായോഗികബുദ്ധിമുട്ടുകളേക്കുറിച്ചുള്ള ചിന്തകളെ പാടേ നീക്കി നിർത്തിയപ്പോഴാണ് സഹയാത്രികരെ ശ്രദ്ധിയ്ക്കാൻ തോന്നിയത്.വല്ലാത്ത അത്ഭുതം തോന്നി.ഇത്രയേറെ കഷ്ടതകൾ സഹിയ്ക്കുമ്പോഴും എല്ലാവരും എത്ര സന്തോഷത്തിലാണ്!. ആരും പരാതി പറയുന്നില്ല, ആരും, കരയുന്നില്ല, ആരും വയ്യ എന്നു പറയുന്നില്ല. എവിടെ നിന്നൊക്കെയോ വന്നവർ. ഏതെല്ലാം ഭാഷ പറയുന്നവർ. ഏതെല്ലാം പ്രായത്തിലുള്ളവർ. ഏതെല്ലാം മതത്തിലുള്ളവർ. പക്ഷേ , എല്ലാവരും ഉതിർക്കുന്ന ശബ്ദം ഒന്നു മാത്രം. ഒരേ താളം, ഒരേഭാവം.ജനലക്ഷങ്ങളുടെ മനം കവർന്ന് രക്ഷകനായി മാറുന്ന ആ ഊർജ്ജ സ്രോതസ്സിലേയ്ക്ക് ഒഴുകിയെത്തുകയാണെല്ലാവരും, അതിന്റെ ഭാഗമായിത്തീരുവാൻ മാത്രം. ഇവിടെ ജാതിയുടേയോ മതത്തിന്റെയോ വർണ്ണത്തിന്റെയോ സമ്പത്തിന്റെയോ അതിർ വരമ്പുകളില്ല.ഭക്തർ ദേവനിലേയ്ക്കു ലയിച്ചു ചേർന്നു സ്വയം ദേവനായി മാറുന്നു . എത്രയോ തവണ കേട്ടിട്ടുള്ളതാണെങ്കിലും സ്വയം അതിന്റെ ഭാഗമാകാൻ കഴിഞ്ഞപ്പോൾ ,പുണ്യപാപങ്ങളുടെ സഞ്ചയപ്രതീകങ്ങളായ ഇരുമുടിക്കെട്ടുമേന്തി തത്വസോപാനങ്ങളെന്നറിയപ്പെടുന്ന പതിനെട്ടു പടികളിൽ കാൽകുത്താനായപ്പോൾ, മനസ്സിലാക്കാനായി, ”മനുഷ്യനും ദൈവവും ഒന്നു തന്നെ” .ഒരേയാത്രയിൽ, ഒരേ ലക്ഷ്യത്തോടെ പലവഴികളിലൂടെ വന്നു ഒന്നായിത്തീരുന്ന ദൈവാന്വേഷണത്തിലെ കണ്ണികളിൽ ചിലതു ദുർബലമെന്നു കാഴ്ച്ചയിൽ തോന്നിയെന്നിരിയ്ക്കാം, പക്ഷേ ലക്ഷ്യത്തിലെത്താൻ എന്നിട്ടും അവയ്ക്കാകുന്നു അഥവാ എത്തിച്ചേരപ്പെടുന്നു, മനസ്സിലെ മോഹത്തെപ്പോലെ. മനസ്സിന്റെ വക്രമായ വഴികൾ കുറച്ചു നേരത്തേയ്ക്കെങ്കിലും എല്ലാവരും മറക്കുന്നു. പരസ്പ്പരം സഹായിയ്ക്കുവാനോ ,വൈരം മറക്കാനോ അവർക്കാകുന്നു.ലോകത്തിൽ എവിടെയും കാണാനാകാത്ത ഈ സമത്വബോധവും, സാഹോദര്യബോധവും നമ്മൾക്കുള്ളിൽ ഉറങ്ങിക്കിടപ്പുണ്ടെന്നും അവ വേണ്ട സമയം പുറത്തെടുക്കാനാകുമെന്നും ഇവിടെയെത്തുന്നവർക്കു മനസ്സിലാക്കാനാകും.. സാധാരണ ദൈവങ്ങളെ പേടിയ്ക്കുന്നവർക്കുപോലും അയ്യപ്പസ്വാമി സുഹൃത്താണ്, സംരക്ഷകൻ മാത്രമാണ്. ആരെയും ശിക്ഷിയ്ക്കുകയില്ല.രക്ഷിയ്ക്കുകയേ ഉള്ളൂ. യാതൊരു ദു:ഖ ചിന്തകളോ, വിഷമങ്ങളോ ദുർവിചാരങ്ങളോ നമ്മെ സ്പർശിയ്ക്കാതിരിയ്ക്കാൻ മറ്റെന്താവാം കാരണം?ഇത്ര സമാധാനവും ശാന്തിയും മറ്റാർ അരുളും? അധർമ്മത്തെ ഉപേക്ഷിച്ച് ധർമ്മപാതയിലേയ്ക്കു നയിയ്യ്ക്കാൻ മറ്റാർക്ക്കു കഴിയും?
“വിശ്വാസമല്ലോ വിളക്കു മനുഷ്യന്…” എന്നു കവി പാടിയത് ശരി തന്നെ. അനുഷ്ഠാനങ്ങൾ പിന്തുടരുന്നതിലെ യുക്തിയും അതു തന്നെ. അവ വിശ്വാസങ്ങൾക്ക് ബലം കൊടുക്കുന്നു. ആ വിശ്വാസങ്ങൾ മനുഷ്യനു ധൈര്യവും കരുത്തുമേകുന്നതിനൊപ്പം അധർമ്മത്തെ നീക്കി നിർത്താൻ ഓർമ്മപെടുത്തുകയും ചെയ്യുന്നു. സർവ്വോപരി മനുഷ്യത്വത്തെ ഉയർത്തിക്കാട്ടുന്നു. യാത്ര കഴിഞ്ഞു തിരിച്ചെത്തി മാലയൂരിക്കഴിഞ്ഞിട്ടും പറഞ്ഞറിയിയ്ക്കാനാവാത്ത ഒരു അനുഭൂതി എനിയ്ക്കുള്ളിൽ ബാക്കി നിൽക്കുന്നു. ഒരൽപ്പം പാപത്തെയെങ്കിലും ഞാൻ കഴുകിക്കളഞ്ഞില്ലേ?നിത്യജീവിതത്തിലെ തൊഴുത്തിൽക്കുത്തുകളിൽ നിന്നും മുന്നിരയിലെത്താനുള്ള ഓട്ടങ്ങളിൽ നിന്നും അൽപ്പനേരം മാറി നിൽക്കാനായി ഇവിടെ വന്നവരെല്ലാം ഇനിയും ശ്രമിയ്ക്കാതിരിയ്ക്കുമോ? ഉള്ളിന്റെയുള്ളിലെ നന്മയെ സ്വയം തിരിച്ചറിയുമ്പോൾ സുഖം തോന്നുന്നത് സ്വാഭാവികം മാത്രം, അല്ലേ?
Post Your Comments