വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സമത്വത്തിന് അംഗീകാരം നല്‍കിയ ട്രായ് തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് പല പദ്ധതികളുമുണ്ട്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭിക്കുകയെന്നത് തന്നെയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.
സൗജന്യമായി എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായ് തീരുമാനം. ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസമായി. ഇന്ത്യയില്‍ നൂറുകോടി ജനങ്ങള്‍ക്ക് നെറ്റ് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകും. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ ഈ പദ്ധതി കൊണ്ടാവുമെന്നും സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടു.
നിരക്ക് ഇളവിന്റെ മറവില്‍ സൈബര്‍ ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഫേസ്ബുക് ഉള്‍പ്പെടെയുള്ള കുത്തകകളുടെ നീക്കത്തിനാണ് ട്രായ് തീരുമാനം തിരിച്ചടിയായത്. ഇന്റര്‍നെറ്റ് കൈപ്പിടിയിലൊതുക്കാനുള്ള വമ്പന്‍ കമ്പനികളുടെ നീക്കത്തിനെതിരെ സൈബര്‍ ലോകത്ത് നടന്ന ജനകീയ കാമ്പയിന്റെ വിജയംകൂടിയായിരുന്നു ട്രായ് തീരുമാനം. ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനത്തിനും ഒരേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.
Post Your Comments