NewsIndia

ആശുപത്രി നടത്തിപ്പിനെച്ചൊല്ലി തര്‍ക്കം: സുഹൃത്തിനെ വെടിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആശുപത്രി നടത്തിപ്പിനെച്ചൊല്ലി മൂന്ന് ഡോക്ടര്‍മാര്‍ക്കിടയിലുണ്ടായ തര്‍ക്കം കലാശിച്ചത് വെടിവെപ്പിലും ഒരാളുടെ ആത്മഹത്യയിലും. തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ വെടിവെച്ച ഡോക്ടറെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോ.ശശികുമാറിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച സുഹൃത്തിന്റെ ഫാംഹൗസില്‍ കണ്ടെത്തിയത്.

ഡോക്ടര്‍മാരായ ശശികുമാര്‍, സായ്കുമാര്‍, ഉദയ്കുമാര്‍ എന്നിവര്‍ ഈ മാസമാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. സര്‍ജനായ ശശികുമാര്‍ മറ്റു രണ്ടുപേരെയും ആശുപത്രിയുടെ ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. റസ്റ്റോറന്റില്‍ തിരക്കായതിനാല്‍ പുറത്തിറങ്ങി എസ്.യു.വിയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. പ്രകോപിതനായ ശശികുമാര്‍ തോക്കെടുത്ത് ഉദയ്കുമാറിനെ വെടിവെക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പില്‍ പരിക്കേറ്റ ഉദയ്കുമാര്‍ ഓട്ടോറിക്ഷയില്‍ കയറിയാണ് ആശുപത്രിയിലെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ശശികുമാറിനെ പൊലീസ് അന്വേഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഫാം ഹൗസില്‍ നിന്നും തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിയിലെ സി.ഇ.ഒ, മാനേജിങ് ഡയറക്ടര്‍ പദവികള്‍ ഉദയ്കുമാറും സായ്കുമാറും വഹിച്ചിരുന്നതില്‍ ശശികുമാര്‍ അശ്വസ്ഥനായിരുന്നുവെന്നാണ് സൂചന. 15 കോടി മുതല്‍മുടക്കിയാണ് ഇവര്‍ ആശുപത്രി സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button