ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്തര്‍ദ്ദേശീയ വിമാനക്കമ്പനികളില്‍ ഒന്നായ എമിറേറ്റ്സ് കേരളത്തിന്റെ തലസ്ഥാന നഗരിയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നു. 2006 ലാണ് എമിറേറ്റ്സ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ യാത്രക്കാരുടേയും കാര്‍ഗോയുടേയും കാര്യത്തില്‍ കമ്പനിയുടെ ഈ മേഖലയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി തിരുവനന്തപുരം മാറി. സര്‍വീസ് ആരംഭിച്ച് ഇതുവരെ 20 ലക്ഷം യാത്രക്കാരേയും 105,000 ടണ്‍ കാര്‍ഗോയുമാണ് എമിറേറ്റ്സ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തിരുവനന്തപുരം-ദുബായ് റൂട്ടില്‍ ആഴ്ചയില്‍ 12 സര്‍വീസുകളാണ് കമ്പനി നടത്തുന്നത്.
ദക്ഷിണേന്ത്യ എമിറേറ്റ്സിന്റെ പ്രധാന വിപണിയാണെന്നും തിരുവനന്തപുരം സര്‍വീസ് വിജയകരമായി പത്തുവര്‍ഷം പൂര്‍ത്തിയക്കുന്നതില്‍ അഭിമാനമുണ്ടെന്നും എമിറേറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ്) അഹമ്മദ് ഖൂറി പറഞ്ഞു.
വിനോദം, ബിസിനസ്, മെഡിക്കല്‍ ടൂറിസം എന്നിവയ്ക്ക് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കേന്ദ്രങ്ങളിലൊന്നായി കേരളം തുടരുകയാണ്. വര്‍ഷം മുഴുവന്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇവിടേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. ആഴ്ചയില്‍ 12 വിമാനങ്ങളും, ഒരു വിമാനത്തില്‍ 17 ടണ്‍ കാര്‍ഗോ സൗകര്യവുമായി ഇവിടേക്കുള്ള യാത്രയ്ക്കും വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നത്തിലും എമിറേറ്റ്സ് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാവിമാനങ്ങള്‍ക്ക് പുറമേ ഓണം, പുതുവര്‍ഷപ്പിറവി (ചിങ്ങം ഒന്ന്), വിഷു തുടങ്ങിയ കേരളത്തിന്റെ പ്രധാന ഉത്സവവേളകളില്‍ എമിറേറ്റ്സ് തിരുവനന്തപുരത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ഫ്രൈറ്റര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താറുണ്ട്. 103 ടണ്‍ കാര്‍ഗോ വഹിക്കാന്‍ ശേഷിയുള്ളതാണ് എമിറേറ്റ്സിന്റെ ബോയിംഗ് -777 ഫ്രൈറ്റര്‍ വിമാനം.
2015 ല്‍ എമിറേറ്റ്സ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയിലെ 10 നഗരങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തിവരുന്നു. 10.4 ശതമാനം വിപണി വിഹിതമുള്ള എമിറേറ്റ്സ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റവും വലിയ അന്തര്‍ദ്ദേശീയ എയര്‍ലൈനാണ്.
Post Your Comments