റിയാദ്: ഹൗസിംഗ് പ്രൊജക്ട് വിസകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തങ്ങള്‍ ജോലി ചെയ്യുന്ന പ്രോജക്ട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദി അറേബ്യ. ഹൗസിംഗ് പ്രൊജ്കടിലെ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുകയില്ലെന്നും സൗദി തൊഴില്‍ മന്ത്രി മുഫ്‌റജ് അല്‍ ഹഖ്ബാനി അറിയിച്ചു. ഇതുസംബന്ധിച്ച കരാറില്‍ ഹൗസിംഗ് മന്ത്രി മാജിദ് അല്‍ ഹുഖൈലും തൊഴില്‍ മന്ത്രി അല്‍ ഹഖ്ബാനിയും ഒപ്പുവെച്ചു.
കരാര്‍ അനുസരിച്ച് ഹൗസിംഗ് പ്രൊജക്ടുകള്‍ തീര്‍ന്നാല്‍ കമ്പനികള്‍ തൊഴിലാളികളെ കയറ്റി വിടേണ്ടി വരും. രാജ്യത്തെ ഹൗസിംഗ് പ്രൊജക്ടുകളില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനും ഇരു മന്ത്രിമാരും ധാരണയിലെത്തി.
അതേസമയം സ്‌കോളര്‍ഷിപ്പ് മൂലം പഠിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത് സ്വദേശി ക്വാട്ട തികയ്ക്കുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. ഇത്തരം കമ്പനികള്‍ക്ക് 25,000 റിയാല്‍ പിഴ ഈടാക്കാനാണ് തീരുമാനം.
നിതാഖത് വഴി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 70000 യുവാക്കള്‍ക്കും 50000 യുവതികള്‍ക്കും തൊഴില്‍ നല്കാനായെന്ന് അല്‍ ഹഖ്ബാനി പറഞ്ഞു. തൊഴില്‍ രംഗത്തെ വനിതാ സാന്നിധ്യം ഇപ്പോള്‍ 450,000 ലക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments